25 April 2024 Thursday

ഗുരുവായൂരില്‍ പത്താം തീയതി മുതല്‍ ദര്‍ശനം; വിവാഹ ബുക്കിങ്ങും ആരംഭിക്കും

ckmnews

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 1000 പേര്‍ക്ക് ദര്‍ശനം നല്‍കും. പ്രതിദിനം 60 വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ബുക്കിങ്ങ് സ്വീകരിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. 

ഓണ്‍ലൈന്‍ ബുക്കിങ്ങ് സ്വീകരിച്ച് വെര്‍ച്വല്‍ ക്യൂ വഴി സെപ്തംബര്‍ 10 മുതല്‍ പ്രതിദിനം 1000 പേര്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് ചെയ്തുവരുന്നവര്‍ക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദര്‍ശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയബലിക്കല്ലിനുസമീപം നിന്ന് ദര്‍ശനം നടത്തിയ ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണംവെച്ച് ഭഗവതിക്ഷേത്രത്തിനുസമീപത്തുള്ള വാതില്‍ വഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് ക്രമീകരിക്കുക. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കില്ല. തിങ്കളാഴ്ച മുതല്‍ വാഹനപൂജയും അനുവദിക്കും. 

പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്റ്റംബര്‍ 14 ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വെച്ചും നറുക്കെടുപ്പ് സെപ്റ്റംബര്‍ 15 ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തുവെച്ചും നടത്തും. 

കാലാവധി പൂര്‍ത്തിയായ കോയമ,  ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍മാര്‍, വനിതാ സെക്യൂരിറ്റിക്കാര്‍ എന്നിവരുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടും. ഈ തസ്തികകളിലേക്കും സോപാനം കാവലിനും അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളെ സെപ്റ്റംബര്‍ 14, 15 തിയ്യതികളില്‍ ശ്രീപത്മം ബില്‍ഡിങ്ങില്‍ വെച്ച് അഭിമുഖം നടത്താനും തീരുമാനിച്ചു. 

ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. കെ.ബി.മോഹന്‍ദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, കെ.അജിത്, ഇ.പി.ആര്‍.വേശാല, കെ.വി.ഷാജി, അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബീജകുമാരി എന്നിവര്‍ പങ്കെടുത്തു.