24 April 2024 Wednesday

അഞ്ച് മടങ്ങ് വ്യാപനശേഷി; ഒമിക്രോണിന്‍റെ ഈ വകഭേദത്തെ കുറിച്ചുള്ള വാട്സാപ്പ് സന്ദേശം വ്യാജമെന്ന് ആരോ​ഗ്യവകുപ്പ്

ckmnews

കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടത്തിന് ഇപ്പോഴും അവസാനമായിട്ടില്ല. ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തെ പലരാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സർ‌ക്കാരുകൾ ഇതുസംബന്ധിച്ച മുൻകരുതലുകളെക്കുറിച്ച് കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു.


അതേസമയം ഈ സാഹചര്യത്തിൽ രോ​ഗം സംബന്ധിച്ച വ്യാജ സന്ദേശങ്ങൾ കൈമാറുന്നവരുമുണ്ട്. അത്തരത്തിലൊരു വാട്സാപ്പ് സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. ഒമിക്രോൺ വകഭേദമായ XBB അഞ്ചുമടങ്ങ് വ്യാപനശേഷിയുള്ളതും മരണനിരക്ക് കൂട്ടുന്നതും ഡെൽറ്റയേക്കാൾ അപകടകാരിയാണ് എന്നതുമായിരുന്നു വൈറലായ സന്ദേശത്തില്‍ പറയുന്നത്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഈ വകഭേദത്തിന്റെ ലക്ഷണങ്ങൾ കടുത്തതായിരിക്കും എന്നും പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ‌ ഈ വാട്സാപ്പ് സന്ദേശം തെറ്റാണെന്നും ജനങ്ങൾ വിശ്വസിക്കരുതെന്നും വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ വകുപ്പ്.

അതേസമയം, പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൊവി‍ഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. 


ആൾക്കൂട്ടമുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ.വി.കെ പോൾ യോ​ഗത്തിനുശേഷം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ അക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27- 28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ‍ഡോസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.