19 April 2024 Friday

കേരളത്തിലെ 5 ജി സേവനത്തിന് തുടക്കം; മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

ckmnews

കൊച്ചി : കേരളത്തിലെ 5 ജി സേവനത്തിന് കൊച്ചിയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി 5 ജി സേവനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യഘട്ട സേവനമാണ് കൊച്ചിയിലേത്. കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് ജിയോ 5 ജി സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് 5ജി ഊര്‍ജം പകരുമെന്നും റിലയന്‍സ് ഗ്രൂപ്പിന് എല്ലാ വിധ ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആദ്യഘട്ടത്തില്‍ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളില്‍ തെരഞ്ഞെടുത്ത വ്യക്തികള്‍ക്കാണ് 5ജി സേവനം ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ ഇതേ പ്രദേശത്തെ സാധാരണക്കാര്‍ക്കും 5ജി ലഭ്യമായി തുടങ്ങും.

ഒക്ടോബര്‍ 5നാണ് ഇന്ത്യയില്‍ ആദ്യമായി 5ജി സേവനം വന്നത്. ഡല്‍ഹി, മുംബൈ കൊല്‍ക്കത്ത, വാരണാസി എന്നീ നരഗങ്ങളിലായിരുന്നു സേവനം ലഭ്യമായിരുന്നത്. രണ്ടാം ഘട്ടത്തിലാണ് കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 5ജി എത്തുന്നത്.


കാക്കനാട് ഇന്‍ഫോപാര്‍ക്ക്, നെടുമ്പാശേരി വിമാനത്താവളം, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ തുടങ്ങി അരൂര്‍ വരെയും 5ജി സിഗ്‌നലുകള്‍ എത്തും. ഇതിനായി 150 ല്‍ അധികം ടവറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു സെക്കന്‍ഡില്‍ 100 മുതല്‍ 300 എംബി ശരാശരി വേഗമാണ് 5ജി ഉറപ്പ് നല്‍കുന്നത്. അതായത് 4ജിയെക്കാള്‍ പത്തിരട്ടി വേഗത.