28 March 2024 Thursday

പൊലീസ് ചമഞ്ഞ് തട്ടിപ്പ്, തങ്ങളാണെന്ന് പറഞ്ഞ് കർമങ്ങൾ ചെയ്തും തട്ടിപ്പ്; മലപ്പുറത്ത് 24 കാരൻ പിടിയിൽ

ckmnews


മലപ്പുറം: പൊലീസ് വോളന്‍റിയര്‍, ട്രോമകെയര്‍ വോളന്‍റിയര്‍, പൊലീസ് സ്‌ക്വാഡ് എന്നിവ ചമഞ്ഞ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിവിധ ആളുകളില്‍ നിന്നും കടകളില്‍ നിന്നും പണം വാങ്ങിച്ച് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായി. താനൂര്‍ ഒസ്സാന്‍ കടപ്പുറം സ്വദേശി ചെറിയ മൊയ്ദീന്‍കനാകത്ത് മുഹമ്മദ് റാഫി (24) യാണ് പിടിയിലായത്. താനൂര്‍ ഡി വൈ എസ് പി മൂസ വള്ളിക്കാടന്‍റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ  ലാല്‍ ആര്‍ ഡി സബ് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


കഴിഞ്ഞ ദിവസം ചെനക്കലങ്ങാടി സ്വദേശിയായ മുഹമ്മദ് മുസാഫിര്‍ എന്നയാളുടെ ഓട്ടോറിക്ഷ, പൊലീസ് വോളണ്ടിയറാണെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി മലപ്പുറം ഫറോക്ക് എന്നിവിടങ്ങളില്‍ കറങ്ങി തിരിച്ചു വന്നു പണം കൊടുക്കാതെ പറ്റിച്ച പരാതിയിലാണ് താനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടി കൂടിയത്. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിരവധി തട്ടിപ്പുകള്‍ പുറത്തായത്. തിരൂരില്‍ ഒരു കടയില്‍ ഹാന്‍സ് വില്‍ക്കുന്നതറിഞ്ഞ് പൊലീസ് സ്‌ക്വാഡ് ചമഞ്ഞ ശേഷം കടക്കാരനോട് പൊലീസിനെക്കൊണ്ട് പിടിപ്പിക്കും എന്ന് പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിക്ക് മുമ്പും അരീക്കോട്, താനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. പ്രതി തങ്ങള്‍ എന്ന പേരില്‍ കര്‍മങ്ങള്‍ ചെയ്തും പണം വാങ്ങി വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.