19 April 2024 Friday

ഡോക്ടറാണെന്ന് പറഞ്ഞ് ജീവിതം, ഡോക്ട‍ര്‍മാര്‍ക്ക് പിജി സീറ്റ് വാഗ്ധാനം ചെയ്ത് തട്ടിപ്പ്, യുവാവ് പിടിയിൽ

ckmnews

മലപ്പുറം: പ്രൊഫഷണൽ കോഴ്‌സുകളിലേക്ക്‌ സീറ്റുകൾ വാഗ്‌ദാനംചെയ്‌ത്‌ കോടികൾ തട്ടിയെടുത്ത യുവാവിനെ ബംഗളൂരുവിൽനിന്ന്‌ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച്‌ സംഘം സാഹസികമായി പിടികൂടി. ആലപ്പുഴ വെട്ടിയാർ മാങ്കാംകുഴി സജുമൻസിലിൽ സജു ബിൻ സലിം എന്ന ഷംനാദ്‌ ബിൻ സലിം (36) ആണ്‌ പിടിയിലായത്‌. മലപ്പുറം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌.


2017ൽ ആണ്‌ കേസിനാസ്‌പദമായ പരാതി. രാജസ്ഥാനിൽ മെഡിക്കൽ പിജി സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ ഡോക്ടറിൽനിന്ന്‌ 70 ലക്ഷത്തോളം രൂപ വാങ്ങി. സീറ്റ്‌ ലഭിക്കാത്തതിനെത്തുടർന്ന്‌ സമീപിച്ചപ്പോൾ കുറച്ചുപണം തിരികെ നൽകി കേരളത്തിൽ നിന്ന്‌ മുങ്ങി. മലപ്പുറം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനാകാത്തതിനാൽ കേസ്‌ ജില്ലാ ക്രൈം ബ്രാഞ്ച്‌ ഏറ്റെടുക്കുകയായിരുന്നു. 


ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിലാണ്‌ കേരളത്തിലെ പല ജില്ലകളിലും സമാനമായ തട്ടിപ്പ്‌ നടത്തിയതായി മനസ്സിലായത്‌. ബംഗളൂരു കേന്ദ്രീകരിച്ചാണ്‌ ഇയാളുടെ തട്ടിപ്പ്‌ എന്ന്‌ കണ്ടെത്തിയ ക്രൈം ബ്രാഞ്ച്‌ അവിടെ ക്യാമ്പ്‌ ചെയ്‌ത്‌ അന്വേഷണത്തിലായിരുന്നു. ഡോക്ടർ എന്ന പേരിൽ ഭാര്യയ്‌ക്കൊപ്പം ഭാരതീയാർ സിറ്റിയിലായിരുന്നു ഇയാളുടെ താമസം.  


കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിൽനിന്ന്‌ ഇയാളെ അന്വേഷിച്ച്‌  പൊലീസ്‌ എത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. 2012മുതൽ കോഴിക്കോട്‌ ടൗൺ, പെരുമ്പാവൂർ, വെൺമണി, കൊട്ടാരക്കര, തിരുവല്ല, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, ആലപ്പുഴ ജില്ലയിലെ കുറത്തിക്കാട്‌ എന്നിവിടങ്ങളിലും കർണാടകയിലെ വിജയനഗർ സ്‌റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്‌. ഉന്നത ബന്ധങ്ങളുള്ള ഇയാൾ ഡോക്ടർ എന്ന പേരിലാണ്‌ ആളുകളെ സമീപിച്ച്‌ തട്ടിപ്പ്‌ നടത്തിയിരുന്നത്‌.