24 April 2024 Wednesday

മലപ്പുറം ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്

ckmnews

*മലപ്പുറം ജില്ലയില്‍ 195 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 328 പേര്‍ രോഗമുക്തരായി*


മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 30) 195 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 161 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 328 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 6,045 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ നിരക്ക് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഘോഷ വേളകളില്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.47,023 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,742 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,547 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 360 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,574 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 92,706 സാമ്പിളുകളില്‍ 828 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.