24 April 2024 Wednesday

സി.ഐ.ടി.യു സംസ്ഥാന സമ്മേളനം: സമാപനം ഇന്ന്

ckmnews

രണ്ടുലക്ഷം പേര്‍ അണിനിരക്കുന്ന റാലിയോടെ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാവുംകോഴിക്കോട് കടപ്പുറത്ത് എം. വാസു നഗറില്‍ വൈകിട്ട് അഞ്ചിന് സമാപന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, എളമരം കരീം എം.പി എന്നിവര്‍ പ്രസംഗിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും.


കേന്ദ്രീകരിച്ച പ്രകടനമുണ്ടാവില്ല. പ്രതിനിധികള്‍ വൈകിട്ട് നാലിന് ടാഗോര്‍ ഹാളില്‍നിന്ന് പ്രകടനമായി പൊതുസമ്മേളന നഗരിയിലെത്തും. ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും സി.ഐ.ടി.യു അംഗങ്ങള്‍ കുടുംബസമേതം റാലിയില്‍ പങ്കെടുക്കും. ഇന്ന് പുതിയ ഭാരവാഹികള്‍, കമ്മിറ്റി, അഖിലേന്ത്യ സമ്മേളന പ്രതിനിധികള്‍ എന്നിവരെ തിരഞ്ഞെടുക്കും. സംസ്ഥാനജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച പൂര്‍ത്തിയായി. അഖിലേന്ത്യാ പ്രസിഡന്റ് ഡോ.കെ. ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കേരള കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പനോളി വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ചകള്‍ക്ക് എളമരം കരീം ഇന്ന് മറുപടി പറയും. മൂന്നുദിവസത്തെ സമ്മേളനത്തില്‍ 604 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.


@ കെ.എസ്.ആര്‍.ടി.സിയും റെയില്‍വേയും ചര്‍ച്ചയായി


കെ.എസ്‌ആര്‍ടി.സിയിലെ പ്രതിസന്ധിയും റെയില്‍വേ സ്വകാര്യവത്കരണവും സമ്മേളനത്തില്‍ ചര്‍ച്ചയായി. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സമ്മേളനം വ്യക്തമാക്കി.കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള നടപടികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ സാമ്ബത്തിക പുനഃസംഘടനാ നിര്‍ദ്ദേശമുള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും മാനേജ്‌മെന്റും തൊഴിലാളികളും നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഫലവത്താകാത്തതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സംഘടന ആരോപിക്കുന്നു. തൊഴിലാളികളെ ശത്രുക്കളായി കാണുന്ന മനോഭാവം മാനേജ്‌മെന്റ് തിരുത്തണം.


റെയില്‍വേ സ്വകാര്യവത്കരണം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാര്‍ ആശ്രയിക്കുന്ന റെയില്‍വേ സ്വകാര്യവത്ക്കരിച്ചാല്‍ യാത്രാനിരക്ക് വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.