ഫുട്‌ബോള്‍ അതിന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു:മെസിക്കും എംബാപെയ്ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് പെലെ

അജയ്യരായി ഖത്തറിന്റെ മണ്ണില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കും മെസിക്കും അഭിനന്ദനവുമായി ഫുട്‌ബോള്‍ ഇതിഹാസം പെലെ. 36 വര്‍ഷത്തിന് ശേഷം അര്‍ജന്റീനയ്ക്ക് വേണ്ടി കപ്പുയര്‍ത്തിയ മെസിക്കും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ കിലിയന്‍ എംബാപ്പെയ്ക്കും പെലെ അഭിനന്ദനങ്ങള്‍ നേര്‍ന്നു.
‘ഇന്നും, ഫുട്‌ബോള്‍ അതിന്റെ കഥ എപ്പോഴത്തെയുംപോലെ ആവേശകരമായ രീതിയില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. താന്‍ അര്‍ഹിക്കുന്നത് പോലെ മെസ്സി തന്റെ ലോകകപ്പ് സ്വന്തമാക്കി. എന്റെ പ്രിയ സുഹൃത്ത്, എംബാപ്പെ ഫൈനലില്‍ മൂന്ന് ഗോളുകള്‍ നേടി. നമ്മുടെ കായികരംഗത്തിന്റെ ഭാവിയിലേക്കുള്ള സമ്മാനമാണ് ഈ കാഴ്ച. അവിശ്വസനീയമായ പ്രകടനത്തിന് മൊറോക്കോയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ആഫ്രിക്ക തിളങ്ങുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍ അര്‍ജന്റീന! തീര്‍ച്ചയായും ഡീഗോ ഇപ്പോള്‍ പുഞ്ചിരിക്കുന്നു…’ പെലെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.