25 April 2024 Thursday

ചരിത്രം കുറിക്കാന്‍ അര്‍ജന്റീന, കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സ്; കലാശപ്പോരിനൊരുങ്ങി ഖത്തര്‍

ckmnews

ചരിത്രം കുറിക്കാന്‍ അര്‍ജന്റീന, കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സ്; കലാശപ്പോരിനൊരുങ്ങി ഖത്തര്‍ 


ലുസെയ്ൽ: മിഴിചിമ്മാതെ കാത്തിരിക്കൂ, ആ കിരീടം ആരുയർത്തുമെന്നറിയാൻ ഇനി ഒരു പകലിന്റെ ദൂരം മാത്രം. അറേബ്യൻ മണ്ണ് ആദ്യമായി വിരുന്നൊരുക്കിയ ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയിൽ ഞായറാഴ്ച രാത്രി അർജന്റീനയും ഫ്രാൻസും മുഖാമുഖം. ഒട്ടേറെ അട്ടിമറികൾ കണ്ട ചാമ്പ്യൻഷിപ്പിലെ അന്തിമ വിധിപറയാൻ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും ഒരുങ്ങി. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 8.30 മുതൽ ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.


സെമിയിൽ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അർജന്റീന ഫൈനലിലെത്തിയതെങ്കിൽ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാൻസ് എത്തുന്നത്. 2018-ലെ റഷ്യൻ ലോകകപ്പിൽ ജേതാക്കളായ ഫ്രാൻസിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അർജന്റീന അവസാനമായി ജേതാക്കളായത്. 2014-ൽ അവർ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.

ബ്രസീലും ജർമനിയും ഇംഗ്ലണ്ടും സ്പെയിനും പോർച്ചുഗലും ബെൽജിയവുമൊക്കെ വീണുപോയെങ്കിലും 22-ാമത് ലോകകപ്പിൽ ക്ലാസിക് ഫൈനൽ അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് കായികലോകം. രണ്ടു പതിറ്റാണ്ടോളമായി ലോക ഫുട്ബോളിനെ പ്രചോദിപ്പിക്കുന്ന അർജന്റീനയുടെ പ്രധാന താരം ലയണൽ മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്ന് കരുതുന്നു.


തികഞ്ഞ പ്രതീക്ഷയോടെയാണ് ഫൈനലിനെ കാത്തിരിക്കുന്നതെന്ന് അർജന്റീന കോച്ച് ലയണൽ സ്കലോണിയും ഫ്രാൻസ് കോച്ച് ദിദിയർ ദെഷോമും പറഞ്ഞു. ചില കളിക്കാർക്ക് പനി ബാധിച്ചതിന്റെ ആശങ്ക ഫ്രഞ്ച് ടീമിനുണ്ടെങ്കിലും അർജന്റീനയ്ക്ക് ആശങ്കകളൊന്നുമില്ല. അഞ്ചുഗോൾ വീതം നേടി ടോപ് സ്കോറർ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും തമ്മിൽ ഗോൾഡൻ ബൂട്ടിനായും മത്സരമുണ്ട്.


ഞായറാഴ്ച വൈകീട്ട് കലാപരിപാടികളോടെ ഫൈനൽ ആഘോഷങ്ങൾക്ക് തുടക്കമാകും. 'ഓർത്തിരിക്കാൻ ഒരു രാവ്' എന്നു ഫിഫ പേരിട്ടിരിക്കുന്ന കലാശപരിപാടികളിൽ നോറ ഫത്തേഹി, ഡേവിഡോ, ആയിഷ, ബൽക്കീസ് തുടങ്ങിയ കലാകാരന്മാർ അണിനിരക്കും. 88000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലുസെയ്ൽ സ്റ്റേഡിയം ഫൈനലിന് നിറഞ്ഞുകവിയും. ഖത്തറിനെ സംബന്ധിച്ച് ഞായറാഴ്ച ചരിത്രത്തിൽ ഇടംപിടിക്കാവുന്ന ദിനംകൂടിയാണ്. ദേശീയദിനം ആഘോഷിക്കുന്ന ഞായറാഴ്ചയാണ് ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ സമാപനവും നടക്കുന്നത്