28 March 2024 Thursday

പ്രക്ഷോഭത്തെ പിന്തുണച്ചു; ഓസ്കർ ജേതാവ് തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിൽ

ckmnews

പ്രക്ഷോഭത്തെ പിന്തുണച്ചു; ഓസ്കർ ജേതാവ് തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിൽ


ടെഹ്റാൻ∙ ഓസ്കർ പുരസ്കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി (38) ഇറാനിൽ അറസ്റ്റിലായി. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി സെപ്റ്റംബർ 16ന് മരിച്ചതിനെ തുടർന്ന് ഇറാനിലെങ്ങും വൻ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭകരെ പിന്തുണച്ചതിന്റെ പേരിലാണ് തരാനെ അലിദോസ്തിയെ അറസ്റ്റ് ചെയ്തത്.


അലിദോസ്തിയുൾപ്പെടെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ‘ദി സെയിൽസ്മാൻ’ എന്ന ചിത്രത്തിനാണ് 2016ൽ ഓസ്കർ ലഭിച്ചത്. ഈ വർഷം കാൻസ് ചലച്ചിത്രമേളയിൽ അലിദോസ്തിയുടെ ‘ലെയ്‌ലാസ് ബ്രദേഴ്സ്’ എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു.



ഡിസംബർ 8ന് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അലിദോസ്തി പ്രക്ഷോഭകരെ പിന്തുണച്ച് കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിന്റെ പേരിലാണ് അറസ്റ്റ്. അതേസമയം, നവംബർ ഒൻപതിന് മുഖാവരണം ഇല്ലാത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നെഴുതിയ ബോർഡും കൈയിൽപിടിച്ചായിരുന്നു അലിദോസ്തിയുടെ ചിത്രം പുറത്തുവന്നത്. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി അവർ അഭിനയം താൽകാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.


തിരുവനന്തപുരത്തു നടന്ന 27ാമത് രാജ്യാന്തര ചലച്ചിത്രമേളയിലും ഇറാനിലെ പ്രതിഷേധത്തിന് പിന്തുണ ഉയർന്നിരുന്നു. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മെഹ്നാസ് മുഹമ്മദിക്ക് ഐഎഫ്എഫ്കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ചിരുന്നു. യാത്രാവിലക്ക് കാരണം മേളയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മെഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അഥീന റേച്ചൽ സംഗാരിയാണു പുരസ്കാരം ഏറ്റുവാങ്ങിയത്. മെഹ്നാസിന്റെ മുറിച്ച മുടി വേദിയിൽ കാണിച്ചാണു റേച്ചൽ സംഗാരി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.