25 April 2024 Thursday

വേൾഡ് കപ്പിൽ ഇന്ന് മൂന്നാമങ്കം!

ckmnews

ക്രൊയേഷ്യയെയും മൊറോക്കോയെയും കണ്ട് കൊതി തീർന്നിട്ടില്ലാത്ത ഫുട്ബോൾ ആരാധകർക്കായി ഒരു പ്രദർശനം കൂടി! ഈ ലോകകപ്പിന്റെ നിറപ്പകിട്ടായ രണ്ടു ടീമുകളും ലോകകപ്പ് മൂന്നാംസ്ഥാന മത്സരത്തിൽ പന്തു തട്ടാനിറങ്ങുന്നു. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് കിക്കോഫ്.


ലോകകപ്പിൽ വമ്പന്മാരെ അട്ടിമറിച്ച രണ്ടു ടീമിനും ഖത്തറിൽനിന്നു ജയിച്ചു മടങ്ങാനുള്ള അവസരമാണിത്. മൂന്നാം സ്ഥാന മത്സരം വ്യർഥമാണെന്ന വാദങ്ങൾക്കിടയിലും, ജയിക്കുന്നവർക്കു വെങ്കല മെഡലാണു സമ്മാനം. ഒപ്പം 2.7 കോടി യുഎസ് ഡോളറും (ഏകദേശം 223 കോടി രൂപ). നാലാം സ്ഥാനക്കാർക്ക് 2.5 കോടി യുഎസ് ഡോളർ (ഏകദേശം 206 കോടി രൂപ).

മെസ്സി-ക്രിസ്റ്റ്യാനോ യുഗത്തിനിടയിലും ലോകഫുട്ബോളിൽ പാദമുദ്ര പതിപ്പിച്ച ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ചിനെ ലോകകപ്പ് വേദിയിൽ കാണുന്ന അവസാന മത്സരമായിരിക്കും ഇത്. ഒരു ഓപ്പറ കണ്ടക്ടറെപ്പോലെ മോഡ്രിച്ച് മധ്യനിരയെ നിയന്ത്രിക്കുന്ന മനോഹരക്കാഴ്ച ലോകകപ്പിനു ശേഷവും തങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ക്രൊയേഷ്യൻ കോച്ച് സ്‌ലാറ്റ്കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്.


എന്നാൽ, മുപ്പത്തിയേഴുകാരൻ മോഡ്രിച്ച് ഇക്കാര്യത്തിൽ നയം വ്യക്തമാക്കിയിട്ടില്ല. ക്ലബ് ഫുട്ബോളിൽ ഇപ്പോഴും മിന്നും താരമായി തുടരുന്ന മോഡ്രിച്ച് രാജ്യാന്തര ഫുട്ബോളിൽ തുടർന്നാലും 2026ലെ അടുത്ത ലോകകപ്പിനുണ്ടാവാൻ സാധ്യതയില്ല. 33 വയസ്സുള്ള ഡിഫൻഡർ ദെയാൻ ലോവ്റൻ, ഫോർവേഡ് ഇവാൻ പെരിസിച്ച് തുടങ്ങിയവർക്കും ഈ മത്സരത്തിനു ശേഷം ഭാവി തീരുമാനിക്കേണ്ടി വരും.


ക്രൊയേഷ്യയുടെ സുവർണതലമുറയ്ക്ക് ഇതു മടക്കമാണെങ്കിൽ മൊറോക്കോയുടെ യുവനിര ഇനിയും പോരാട്ടങ്ങളേറെ മുന്നിലുള്ളവരാണ്. ടീമിലെ പ്രധാന താരങ്ങളായ അച്റഫ് ഹാക്കിമി (24 വയസ്സ്), സോഫിയാൻ അമ്രാബാത് (26), സോഫിയാൻ ബുഫൽ (29), ഹാക്കിം സിയേഷ് (29) എന്നിവരെല്ലാം മുപ്പതിനു താഴെ പ്രായമുള്ളവർ. ലോകഫുട്ബോളിൽ ഈ മൊറോക്കൻ ടീമിന്റെ വീരഗാഥ തുടരുമെന്നു ചുരുക്കം.

അർജന്റീനയ്ക്കെതിരെ പരുക്കേറ്റ് മൈതാനത്തുനിന്നു കയറിയ ക്രൊയേഷ്യൻ ഡിഫൻഡർ മാർസലോ ബ്രൊസോവിച്ച് ഇന്നു കളിക്കാനിടയില്ല. ലോവ്‌റോ മായറോ ക്രിസ്റ്റ്യൻ ജാകിച്ചോ പകരമിറങ്ങിയേക്കാം. സെന്റർ ബാക്ക് ജോസ്കോ ഗവാർഡിയോൾ വേദനാസംഹാരികൾ കുത്തിവച്ചാണ് സെമിയിൽ അർജന്റീനയ്ക്കെതിരെ കളിച്ചത്.


മെസ്സിയുടെ ഡ്രിബിളിനു മുന്നിൽ നിസ്സഹായനായ ഗവാർഡിയോളിനും ഡാലിച്ച് ഇന്നു വിശ്രമം നൽകാനാണ് സാധ്യത.ജോസിപ് സുതാലോ പകരമിറങ്ങും. മൊറോക്കോ കോച്ച് വാലിദ് റഗ്റാഗി ഫ്രാൻസിനെതിരെ റിസ്കെടുത്ത് ഇറക്കിയ നയെഫ് അഗ്വെർദ്, നുസെർ മസറോയി, റൊമെയ്ൻ സെയ്സ് എന്നിവർക്ക് ഇന്നു വിശ്രമിക്കാം. ഇതുവരെ ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാത്തവരെ ഇറക്കാൻ പരിശീലകർക്കുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം.