25 April 2024 Thursday

മെസി ലോക ചാമ്പ്യനാകരുതെന്ന് ചിന്തിക്കേണ്ട ആവശ്യം എന്താ, അര്‍ജന്‍റീന കപ്പടിക്കട്ടേ: കഫു

ckmnews

ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ പിന്തുണ ലിയോണല്‍ മെസിക്കും അര്‍ജന്‍റീനയ്ക്കുമെന്ന് ബ്രസീല്‍ മുന്‍ നായകന്‍ കഫു. മെസിക്ക് ഖത്തര്‍ മികച്ച ലോകകപ്പാണ്. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം വിമര്‍ശിക്കപ്പെട്ട ടീമിന്‍റെ നിയന്ത്രണം മെസി ഏറ്റെടുത്തു. മെസി ലോക ചാമ്പ്യനാകരുതെന്ന് ചിന്തിക്കേണ്ട ആവശ്യം എന്താണെന്നും കഫു ചോദിച്ചു. തുടര്‍ച്ചയായി മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ കളിച്ച ഏക താരമായ കഫു 2002ൽ കിരീടം നേടിയ ബ്രസീല്‍ ടീമിന്‍റെ നായകന്‍ ആയിരുന്നു. 


ബ്രസീലുകാര്‍ അര്‍ജന്‍റീനയെ പിന്തുണയ്ക്കുന്നത് കാപട്യമാണെന്ന് ബ്രസീൽ മുന്‍ ഗോളി ജൂലിയോ സെസാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 'ഫൈനലില്‍ ബ്രസീലിന്‍റെ പിന്തുണ ഫ്രാന്‍സിനാകണമെന്നായിരുന്നു ബ്രസീല്‍ സെസാറിന്‍റെ നിലപാട്. ലിയോണല്‍ മെസിയോട് സ്നേഹമുണ്ട്. എന്നാൽ എല്ലാ ബ്രസീലുകാരനെയും പോലെ അര്‍ജന്‍റീനയോടുളള വൈരം മനസിലുണ്ടാകും. ബ്രസീല്‍ ഫൈനലില്‍ കളിച്ചിരുന്നെങ്കില്‍ അര്‍ജന്‍റീനക്കാരുടെ പിന്തുണ എതിര്‍ ടീമിന് ഒപ്പമായേനേ. കാപട്യം കാണിക്കാതിരിക്കുകയല്ലേ നല്ലതെന്നും' സെസാര്‍ ചോദിച്ചു. 2004 മുതൽ 10 വര്‍ഷം ബ്രസീല്‍ ടീമിൽ കളിച്ച സെസാർ മൂന്ന് ലോകകപ്പ് സ്ക്വാഡുകളില്‍ അംഗമായിരുന്നു.

അതേസമയം കഫുവിനെ പോലെ അര്‍ജന്‍റീനയ്ക്കും ലിയോണൽ മെസിക്കുമാണ് ബ്രസീലിയന്‍ ഇതിഹാസം റിവാൾഡോയുടെ പിന്തുണ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് റിവാൾ‍ഡോയുടെ പ്രതികരണം. 'ബ്രസീലോ നെയ്മര്‍ ജൂനിയറോ ലോകകപ്പില്‍ ഇനിയില്ല. അതുകൊണ്ട് അര്‍ജന്‍റീനയ്ക്കൊപ്പമാണ് താന്‍. ലിയോണൽ മെസിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ലോക കിരീടം മെസി അര്‍ഹിക്കുന്നുണ്ട്. ദൈവം എല്ലാം അറിയുന്നു. ഞായറാഴ്‌ച മെസിയുടെ കിരീടധാരണം ഉണ്ടാകും' എന്നും റിവാൾഡോ പറഞ്ഞു. ബ്രസീല്‍ കിരീടം നേടിയ 2002ലെ ലോകകപ്പിലെ 7 കളിയിൽ അ‍ഞ്ചിലും റിവാൾഡോ ഗോൾ അടിച്ചിരുന്നു. 

ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും

മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. ലുസൈല്‍ സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കലാശപ്പോരാട്ടം.