28 March 2024 Thursday

എം.ഡി.എം.എ. കടത്തൽ;മൊത്തക്കച്ചവടക്കാരനായ നൈജീരിയൻ യുവാവ് പിടിയിൽ

ckmnews

എം.ഡി.എം.എ. കടത്തൽ;മൊത്തക്കച്ചവടക്കാരനായ നൈജീരിയൻ യുവാവ് പിടിയിൽ


തൃശ്ശൂർ: ഡൽഹി കേന്ദ്രീകരിച്ച് കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എ.യും സിന്തറ്റിക് മയക്കുമരുന്നുകളും കടത്തുന്ന നൈജീരിയൻ യുവാവ് പിടിയിൽ. മയക്കുമരുന്ന് ചില്ലറവിൽപ്പനക്കാർക്കിടയിൽ കെൻ എന്നറിയപ്പെടുന്ന എബൂക്ക വിക്ടർ അനയോ(27)യെയാണ് ന്യൂഡൽഹിയിലെ നൈജീരിയൻ കോളനിയിൽനിന്ന് തൃശ്ശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധസ്ക്വാഡ് പിടികൂടിയത്. ഇത്തരം കുറ്റവാളികളുടെ വാസസ്ഥലമായ കോളനിയിൽ ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് മിന്നൽപ്പരിശോധന നടത്തി അറസ്റ്റ് ചെയ്തത്.



കർണാടകം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ യുവാക്കൾക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവർത്തിച്ചിരുന്നത്. മെയ് 13-ന് മണ്ണുത്തിയിലെ വാഹനപരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീനിൽനിന്ന് 196 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോൾ, ഇവർക്ക് മയക്കുമരുന്ന് നൽകുന്ന സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, പലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഇരുവരെയും ബെംഗളൂരുവിൽനിന്ന് 300 ഗ്രാം എം.ഡി.എം.എ. സഹിതം പിടികൂടിയിരുന്നു. ബാബിക്കർ അലിയെ ചോദ്യം ചെയ്തതിൽനിന്നാണ് മയക്കുമരുന്ന് കടത്തുന്ന നൈജീരിയൻ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് ഇയാൾക്കായുള്ള നിരന്തരനിരീക്ഷണത്തിലും രഹസ്യാന്വേഷണത്തിലുമായിരുന്നു പോലീസ്. കെൻ എന്ന വിളിപ്പേരു മാത്രമാണ് ലഭിച്ചത്. ഡൽഹിയിലെത്തി വേഷംമാറിയും വിവിധ പേരുകൾ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയാണ് മറ്റ് വിവരങ്ങൾ ശേഖരിച്ചത്. പ്രതിയെ ഡൽഹി സാകേത് കോടതിയിൽ ഹാജരാക്കിയശേഷം രണ്ടു ദിവസം തിഹാർ ജയിലിൽ പാർപ്പിച്ചു. തുടർന്നാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ചില്ലറവിൽപ്പനക്കാരെയും പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരനെ പിടികൂടുന്നത് അപൂർവമാണ്. തൃശ്ശൂർ-മണ്ണുത്തി സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസുകളിൽ മൂന്ന് രാജ്യങ്ങളിലെ പൗരന്മാരാണ് പിടിയിലായത്.പ്രതിക്ക് പാസ്പോർട്ടും വിസയും യാത്രാരേഖകളുമില്ല, അഭയാർത്ഥിയാണെന്ന സർട്ടിഫിക്കറ്റ് മാത്രമായിരുന്നു കയ്യിലുണ്ടായത്.. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ അഭയാർത്ഥി കാര്യാലയത്തിലെ ഹൈക്കമ്മിഷണർ നൽകിയതാണിതെന്ന് പറയുന്നു. നൈജീരിയയിൽനിന്ന് എങ്ങനെ ഇന്ത്യയിലെത്തി എന്ന വിവരം എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല.