20 April 2024 Saturday

‘വിഷമിക്കരുത്; നിങ്ങൾ ചരിത്രം സൃഷ്ടിച്ചു’: ഹാക്കിമിയെ ആശ്വസിപ്പിച്ച് എംബപെ

ckmnews

ദോഹ∙ മൊറോക്കോയുടെ പ്രതിരോധക്കോട്ട തകർത്ത് ഫ്രാൻസിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച കിലിയൻ എംബപെ തകർത്ത് ആഘോഷിക്കുമ്പോൾ മൊറോക്കോൻ സൂപ്പർതാരം അച്റഫ് ഹാക്കിമി തോൽവിഭാരം താങ്ങാനാകാതെ ഗ്രൗണ്ടിൽ മുഖംപൊത്തി കിടക്കുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതോടെ എംബപെ ഹാക്കിമിയുടെ അടുത്തെത്തി പിഎസ്‌ജി സഹതാരം കൂടിയായ ഹാക്കിമിക്കു നേരേ കൈകൾ നീട്ടി എഴുന്നേൽക്കാൻ സഹായിച്ചു. ഫ്രാൻസ് ടീമംഗങ്ങൾ മതിമറന്ന് ആഘോഷിക്കുമ്പോൾഏതിരാളിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന കിലിയൻ എംബപെയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

‘‘നിങ്ങൾ വിഷമിക്കരുത്, എല്ലാവരും നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. നിങ്ങൾ‌ ചരിത്രം സൃഷ്‍ടിച്ചു’’– ഹാക്കിമിയെ ആലിംഗനം ചെയ്‍ത് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്‌ത് എംബപെ കുറിച്ചു. എംബപെയുടെ സ്‌നേഹപ്രകടനവും കുറിപ്പും അതിവേഗം കായികപ്രേമികളുടെ ഹൃദയം കയ്യടക്കി. നിരവധി പേരാണ് കിലിയൻ എംബപെയും ഹാക്കിമിയെയും അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.

കിലിയൻ എംബപെയാണ് മൊറോക്കോയ്ക്കെതിരായ മത്സരത്തിലെ മിന്നും താരം. 2 ഗോളിനും കാരണമായത് എംബപെയുടെ മികവ്. മത്സരത്തിൽ മൂന്ന് ഷോട്ടുകളാണ് എംബപെ അടിച്ചത്. രണ്ട് ഗോളവസരങ്ങളും സൃഷ്ടിച്ചു. 7 തവണ എംബപെ എതിരാളികളെ മറികടന്ന് പന്തുമായി കുതിച്ചു. ആദ്യ പകുതിയിൽ ഇടതു വിങ്ങറായി കളിച്ച എംബപെ രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കറുടെ റോളിലേക്ക് മാറി. ഇതോടെ എംബപെയയെ മാർക്ക് ചെയ്യാൻ വേണ്ടി മൊറോക്കോയുടെ മിഡ്ഫീൽഡർ സോഫിയാൻ അമ്രാബത് പ്രതിരോധത്തിലേക്ക് ഒതുങ്ങി. ഇതു മൊറക്കോയുടെ മുന്നേറ്റങ്ങളുടെ മൂർച്ച കുറച്ചു

കളിയിലുടനീളം തങ്ങളെ വിറപ്പിച്ച ആഫ്രിക്കൻ ടീമിനെ 2-0നു മറികടന്ന് ലോക ചാംപ്യൻമാരായ ഫ്രാൻസ് വീണ്ടും ലോകകപ്പ് ഫൈനലിൽ കടക്കുകയായിരുന്നു. 5-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ്, 79-ാം മിനിറ്റിൽ പകരക്കാരൻ റൻഡാൽ കോളോ മുവാനി എന്നിവരാണ് ഫ്രാൻസിന്റെ സ്കോറർമാർ. മൈതാനത്തുടനീളം വീര്യത്തോടെ ഓടിക്കളിച്ചെങ്കിലും ഫ്രഞ്ച് പെനൽറ്റി ബോക്സിലെത്തിയപ്പോഴെല്ലാം കാലും മനസ്സും ഇടറിയതാണ് മൊറോക്കോയ്ക്കു തിരിച്ചടിയായത്. ഞായറാഴ്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും. ശനിയാഴ്ച ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തിൽ മൊറോക്കോ ക്രൊയേഷ്യയുമായി കളിക്കും