25 April 2024 Thursday

അൽ ബെയ്തിൽ ഫ്രഞ്ച് വാഴ്ച; ഇരട്ടഗോൾ വിജയവുമായി ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ

ckmnews

അൽ ബെയ്തിൽ ഫ്രഞ്ച് വാഴ്ച; ഇരട്ടഗോൾ വിജയവുമായി ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ


ദോഹ ∙ അൽ ബെയ്ത് സ്റ്റേഡിയത്തിൽ അസാമാന്യ മികവോടെ പൊരുതിനിന്ന മൊറോക്കോയുടെ പോരാട്ടവീര്യത്തെ നിർവീര്യമാക്കി മത്സരത്തിന്റെ ഇരുപകുതികളിലുമായി എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ! സ്റ്റേഡിയത്തെ ചുവപ്പണിയിച്ച് ഓരോ സെക്കൻഡിലും ആർത്തുവിളിച്ച ആരാധകക്കൂട്ടത്തിനു നടുവിൽ അസാധ്യമായ പോരാട്ടം കാഴ്ചവച്ച മൊറോക്കോയെ ഖത്തറിൽനിന്ന് മടക്കിയയ്ക്കാൻ ഫ്രാൻസിന് ആ രണ്ടു ഗോളുകൾ ധാരാളമായിരുന്നു. ആവേശം വാരിവിതറിയ സെമിഫൈനലിൽ മൊറോക്കോയുടെ മുറുക്കമാർന്ന പ്രതിരോധത്തെയും കൗണ്ടർ അറ്റാക്കുകളെയും അതിജീവിച്ച് നേടിയ ഏകപക്ഷീയമായ രണ്ടു ഗോൾ വിജയവുമായി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ. ഫ്രാൻസിനായി തിയോ ഹെർണാണ്ടസ് (5–ാം മിനിറ്റ്), കോളോ മുവാനി (79–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു.


ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. അതിനും ഒരു ദിവസം മുൻപേ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മൊറോക്കോ, ആദ്യ സെമിയിൽ തോറ്റ ക്രൊയേഷ്യയെയും നേരിടും. ലോകകപ്പിൽ കഴിഞ്ഞ 25 മത്സരങ്ങളിലും ആദ്യം ഗോൾ നേടിയ മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് അൽ ബെയ്തിൽ ഫ്രാൻസ് ജയിച്ചുകയറിയത്. ആദ്യം ഗോൾ നേടിയിട്ടും അവർ ഏറ്റവും ഒടുവിൽ തോറ്റത് 1982 ജൂലൈ പത്തിന് പോളണ്ടിനെതിരെയാണ്. അന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി