16 April 2024 Tuesday

പ്രളയ പുനരധിവാസം 3 വീടുകളുടെ സമർപ്പണം സെപ്തംബർ 1ന് നടക്കും

ckmnews

പ്രളയ പുനരധിവാസം 3 വീടുകളുടെ സമർപ്പണം സെപ്തംബർ 1ന് നടക്കും


പൊന്നാനി: 2018 ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ്-പടിഞ്ഞാറ്റു മുറിയിലെ 3 കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ വീടുകളുടെ സമർപ്പണം സെപ്റ്റമ്പർ 1 ചൊവ്വാഴ്ച വെർച്ച്വൽ പ്ളാറ്റ്ഫോമിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.2018 ലുണ്ടായ ശക്തമായ പ്രളയത്തിലാണ് മാറഞ്ചേരി പഞ്ചായത്തിലെ 17-ാം വാർഡിലെ 3 കുടുംബങ്ങൾക്ക് വീടുകൾ  വാസയോഗ്യമല്ലാത്ത രീതിയിൽ നശിച്ചത്.ബാങ്കിൽ നിന്നും മറ്റും കടം വാങ്ങി വീടുകൾ നിർമ്മിക്കുന്നതിന് 3 പേരും ഭാഗികമായി തറപണി കഴിച്ചിരുന്നു.അതിന് സമീപം ഓല കൊണ്ട് മറച്ച കുടിലുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അപ്പോഴാണ് പ്രളയം ഉണ്ടാകുന്നത്. ഇവർക്ക് ഈ കുടിലുകളിൽ താമസിക്കാൻ പറ്റാത്ത രൂപത്തിൽ വെള്ളം കയറുകയും ഇഴജന്തുക്കൾ കയറുകയും ചെയ്തത്. ഇതിനെ തുടർന്ന് അവിടെ നിന്ന് ഇവർ കുടുംബ വീടുകളിലേക്കും മറ്റും താമസം മാറ്റി.വീട് പുനർ നിർമ്മിക്കുന്നതിന് പഞ്ചായത്തടക്കമുള്ള പലരെയും ഇവർ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.അവസാനം പ്രളയാനന്തര പ്രൊജക്റ്റുകൾ ഏറ്റെടുത്ത് നടത്തിയിരുന്ന പീപ്പിൾസ് ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. പീപ്പിൾസ് ഫൗണ്ടേഷന്റെ ജില്ലാ ടീം സ്ഥലം സന്ദർശിക്കുകയും വീട് നിർമ്മാണം ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. 6 ലക്ഷം രൂപ വീതം ഓരോ വീടിനും പീപ്പിൾസ് ഫൗണ്ടേഷൻ അനുവദിച്ചു. 2019 ജൂലൈയിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ മണമലിന്റെ നേതൃത്വത്തിൽ പണികൾ ആരംഭിച്ചു.മാർച്ചോട് കൂടി വീട് നിർമ്മാണം പൂർത്തിയായി.അപ്പോഴാണ് കോവിഡ് രോഗം വ്യാപകമാവുന്നത്. വിപുലമായ ഉദ്ഘാടന ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.മെയ് മാസത്തിൽ തന്നെ വീട്ടുകാർ വീട്ടുകളിൽ താമസിക്കുവാൻ ആരംഭിച്ചു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളുടെ സമർപ്പണ ചടങ്ങ് വെർച്ച്വൽ പ്ളാറ്റ്ഫോമിൽ വിപുലമായി നടത്തുവാൻ തീരുമാനിച്ചത്.സെപ്റ്റമ്പർ 1 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന പരിപാടിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരിയും ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റുമായ സലീം മമ്പാട് അധ്യക്ഷത വഹിക്കും.പരിപാടി ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.വീടുകളുടെ താക്കോൽ ദാനം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി നിർവ്വഹിക്കും.ഇ.ടി.മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തും.യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ ,മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതാ ജയരാജ്, വാർഡ് മെമ്പർ സാബിറ, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ഗണേഷ് വടേരി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സി.വി. ജമീല, ജില്ലാ സെക്രട്ടറി എം.സി. നസീർ , ഏരിയാ പ്രസിഡന്റ് വി.കുഞ്ഞിമരക്കാർ, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ഒ.സി. സലാഹുദീൻ,പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ അബൂബക്കർ കരുളായ് എന്നിവർ വിവിധ സ്ഥലങ്ങളിൽ നിന്ന് പങ്കാളികളാകും.