19 April 2024 Friday

ഗോള്‍ഡന്‍ ഗ്ലോബ് 2023: രണ്ട് നോമിനേഷനുകള്‍ നേടി രാജമൗലിയുടെ ആര്‍ആര്‍ആര്‍

ckmnews

എസ് എസ് രാജമൗലി ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രം ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് 2023ലേക്ക് രണ്ട് നോമിനേഷനുകള്‍ നേടി. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനല്‍ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടത്.

ഗംഗുബായ്, കാന്താര, ചെല്ലോ ഷോ മുതലായവയെല്ലാം എന്‍ട്രികളായിരുന്നെങ്കിലും അവസാന അഞ്ചില്‍ ഏക ഇന്ത്യന്‍ ചിത്രമായി ആര്‍ആര്‍ആര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. ആള്‍ ക്വയറ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് (ജര്‍മന്‍), അര്‍ജന്റീന 1985 (അര്‍ജന്റീന), ക്ലോസ് ( ബെല്‍ജിയം) , ഡിസിഷന്‍ ടു ലീവ്( കൊറിയന്‍) എന്നിവയാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട മറ്റ് ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍.

2023 ജനുവരി 10ന് ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക. സൂപ്പര്‍ ഹിറ്റായ നാട്ടു, നാട്ടു നാട്ടു എന്ന ഗാനമാണ് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.


ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയാണ് അര്‍ആര്‍ആര്‍. വി വിജയേന്ദ്ര പ്രസാദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിസ്റ്ററി ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമയാണ് ആര്‍ആര്‍ആര്‍.