29 March 2024 Friday

തകര്‍ത്തടിച്ച് സഞ്ജു, രോഹന് അര്‍ധ സെഞ്ചുറി; രഞ്ജിയില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ആദ്യദിനം മികച്ച സ്‌കോര്‍

ckmnews

റാഞ്ചി: രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ ഒന്നാംദിനം കേരളത്തിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തിട്ടുണ്ട്. സിജോമോന്‍ ജോസഫ് (28), അക്ഷയ് ചന്ദ്രന്‍ (39) എന്നിവരാണ് ക്രീസില്‍. രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50), സഞ്ജു സാംസണ്‍ (72) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഷഹ്ബാസ് നദീം മൂന്നും ഉത്കര്‍ഷ് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി. 


രോഹന്‍ പ്രേം (79)- രോഹന്‍ കുന്നുമ്മല്‍ (50) സഖ്യം മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രോഹന്‍ കുന്നുമ്മല്‍ പുറത്തായി. ഷഹ്ബാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഒരു സിക്‌സും അഞ്ച് ഫോറും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. പിന്നീടെത്തിയ ഷോണ്‍ ജോര്‍ജ് (1), സച്ചിന്‍ ബേബി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.


ഇതോടെ കേരളം മൂന്നിന് 98 എന്ന നിലയിലായി. അഞ്ചാമനായിട്ട് സഞ്ജു ക്രീസിലെത്തി. ക്രിസീല്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം അറ്റാക്ക് ചെയ്യാനും സഞ്ജു മറന്നില്ല. ഏഴ് സിക്‌സും നാല് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. കൂട്ടുകെട്ട് മികച്ച നിലയില്‍ പോയികൊണ്ടിരിക്കെ രോഹന്‍ പ്രേം മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. 201 പന്തുകള്‍ നേരിട്ട താരം 79 റണ്‍സ് നേടിയിരുന്നു. ഒമ്പത് ഫോറും രോഹന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സഞ്ജുവിനൊപ്പം 91 റണ്‍സ് രോഹന്‍ കൂട്ടിചേര്‍ത്തിരുന്നു. ചായയ്ക്ക് ശേഷം സഞ്ജുവും മടങ്ങി. ഷഹ്ബാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. ഏഴ് സിക്‌സും നാല് ഫോറുമാണ് സഞ്ജു നേടിയത്. ഇതിനിടെ ജലജ് സക്‌സേന (0) റണ്ണൗട്ടായത് കേരളത്തിന് കനത്ത തിരിച്ചടിയായി.