25 April 2024 Thursday

കിരീടമില്ലെങ്കിലും നിങ്ങള്‍ തന്നെയാണ് രാജാവ്; റൊണാള്‍ഡോയെ വാഴ്ത്തി വിരാട് കോലി

ckmnews

ദില്ലി: ഖത്തര്‍ ലോകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ കണ്ണീരടക്കാനാവാതെ ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ആരാധകരുടെ മനസിലെ നൊമ്പര കാഴ്ചയായിരുന്നു. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിട്ടും ലോകകിരീടമെന്ന നേട്ടം മാത്രം സ്വന്തമാക്കാന്‍ കഴിയാത്തതിലെ നിരാശയും കരിയറിന്‍റെ അവസാന കാലത്ത് സഹതാരങ്ങളില്‍ നിന്നുപോലും നേരിടേണ്ടിവന്ന അപമാനവുമെല്ലാം റൊണാള്‍ഡോയുടെ കണ്ണീരീന് പിന്നിലുണ്ട്. ലോകമെമ്പാടുമുള്ള ആരാധകര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ വാഴ്ത്തുന്നതിനിടെ കിരീടമില്ലെങ്കിലും നിങ്ങള്‍ തന്നെയാണ് രാജാവെന്ന് വ്യക്തമാക്കുകയാണ് റൊണാള്‍ഡോയെുടെ വലിയ ആരാധകനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി.


ഫുട്ബോളിനും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കും വേണ്ടി നിങ്ങൾ ചെയ്‌തതൊന്നും ഒരു കിരീടത്തിനും പകരംവെക്കാനാവില്ല. നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും എന്നെപ്പോലെയുള്ള ആരാധകര്‍ക്കുമുണ്ടാകുന്ന അനുഭൂതിക്കും അത് ആളുകളിൽ ചെലുത്തുന്ന സ്വാധീനവുമൊന്നും ഒരു കിരീടനേട്ടത്തിനും വിശദീകരിക്കാൻ കഴിയില്ല. അത് ദൈവത്തിന്‍റെ സമ്മാനമാണ്.


എക്കാലത്തും ഹൃദയം കൊണ്ട് പന്ത് തട്ടുകയും കഠിനാധ്വാനത്തിന്‍റെയും അർപ്പണബോധത്തിന്‍റെും പ്രതിരൂപമാവുകയും ചെയ്ത നിങ്ങള്‍ ഏതൊരു കായിക താരത്തിനും യഥാര്‍ത്ഥ പ്രചോദനമാണ്. നിങ്ങളാണ് എനിക്ക് എക്കാലത്തെയും വലിയവന്‍ ക്രിസ്റ്റ്യാനോ എന്നായിരുന്നു വിരാട് കോലിയുടെ ട്വീറ്റ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ആരാധകരുടെ പ്രിയപ്പെട്ട സിആര്‍7ന്‍റെ അഞ്ച് ലോകകപ്പ് നീണ്ട ഐതിഹാസിക കരിയറിനാണ് ഖത്തറില്‍ വിരാമമായത്. 20 വര്‍ഷത്തോളം പോര്‍ച്ചുഗല്‍ പടയെ നയിച്ച് ലോകം ചുറ്റിയ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് പക്ഷെ കണ്ണീര്‍ മടക്കമായി. ലോകകപ്പ് കിരീടം ഉയര്‍ത്താനായില്ലെങ്കിലും ഫിഫ വേദിയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ക്ക് ഉടമയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2006, 2010, 2014, 2018, 2022 എന്നിങ്ങനെ അഞ്ച് ലോകകപ്പുകളിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിച്ചത്. ലോക വേദിയില്‍ 22 മത്സരങ്ങള്‍ കളിച്ചു. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം എന്ന നേട്ടം ഖത്തര്‍ ലോകകപ്പിനിടെ സ്വന്തമാക്കി. പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 196മത്സരങ്ങളില്‍ 118 തവണയാണ് രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റൊണാള്‍ഡോ വല ചലിപ്പിച്ചത്.