29 March 2024 Friday

ഗോവയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ckmnews

ഗോവയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


പനജി ∙ ഗോവയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോപ്പയിലെ വിമാനത്താവളത്തിനു ഗോവ മുൻ മുഖ്യമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ മനോഹർ പരീക്കറിന്റെ പേര് നൽകി. വടക്കൻ ഗോവയിൽ 2,870 കോടി രൂപ ചെലവിട്ടു നിർമിച്ച വിമാനത്താവളത്തിന്റെ ഒന്നാംഘട്ടമാണു മോദി ഉദ്ഘാടനം ചെയ്തത്.അത്യാധുനിക രീതിയിലുള്ള ഈ വിമാനത്താവളം ഗോവയുടെ കണക്‌ടിവിറ്റിയും ടൂറിസം സാധ്യതകളും വർധിപ്പിക്കും. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ സർക്കാരിന്റെ ചിന്തയുടെയും സമീപനത്തിന്റെയും തെളിവാണു മനോഹർ പരീക്കർ രാജ്യാന്തര വിമാനത്താവളം. രാജ്യത്തെ ചെറുനഗരങ്ങളിലും വ്യോമഗതാഗതം സാധ്യമാക്കുകയാണു ഞങ്ങളുടെ ലക്ഷ്യം’’– മോദി പറഞ്ഞു.


2016 നവംബറിൽ മോദി തന്നെയാണു വിമാനത്താവളത്തിനു തറക്കല്ലിട്ടത്. പ്രതിവര്‍ഷം 44 ലക്ഷത്തോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. വിമാനത്താവളം പൂർണതോതിലാകുമ്പോൾ യാത്രക്കാരുടെ എണ്ണം ഒരു കോടിയാകുമെന്നാണു കണക്കാക്കുന്നത്. സംസ്ഥാനത്തെ മറ്റൊരു വിമാനത്താവളമായ ഡബോലിമിന്റെ ആൾശേഷി 85 ലക്ഷമാണ്. ഇവിടെ കാർഗോ ഗതാഗതത്തിനു സൗകര്യമില്ല; മോപ്പയിൽ കാർഗോ സൗകര്യമുണ്ട്.ത്രീഡി മോണോലിതിക് പ്രീകാസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണു കെട്ടിടങ്ങൾ നിർമിച്ചത്. 5ജി സാങ്കേതികവിദ്യ, സോളര്‍ പവര്‍ പ്ലാന്റ്, ഹരിത നിര്‍മിത കെട്ടിടങ്ങള്‍, പുനരുത്പാദന ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണികള്‍, സെല്‍ഫ് ബാഗേജ് ഡ്രോപ് തുടങ്ങിയ സൗകര്യങ്ങളും വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്. കേരളത്തിലെ ചെറുവള്ളിക്കു മാതൃകയാക്കാവുന്നതാണു മോപ്പയിലെ വിമാനത്താവളമെന്നു വിദഗ്ധർ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു