29 March 2024 Friday

മൺഡൂസ് ചുഴലി:കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത മലപ്പുറം അടക്കം 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തമിഴ് നാട്ടിൽ കനത്ത മഴ

ckmnews

മൺഡൂസ് ചുഴലി:കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

മലപ്പുറം അടക്കം 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തമിഴ് നാട്ടിൽ കനത്ത മഴ


സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മലപ്പുറത്തിന് പുറമെ  എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,  കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം,  എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിമെന്നാണ് പ്രവചനം.സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൺഡൂസ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുകയാണ്. മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള- കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.അതേസമയം മൺ​ഡൂസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മാമല്ലപുരത്തേക്ക് രാവിലെയോടെ പ്രവേശിച്ചു. ചെന്നൈ നഗരത്തിൽ മഴ തുടരുന്നതിനാൽ പട്ടിനപാക്കം മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. കോവളത്ത് ഗതാഗതനിയന്ത്രണമുണ്ട്.പുതുച്ചേരി, ചെങ്കൽപട്ട്, വെല്ലൂർ,കാഞ്ചീപുരം, തിരുവള്ളൂർ, കാരയ്ക്കൽ,ചെന്നൈ എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള 16 വിമാനങ്ങളാണ് റദ്ദാക്കിയത്.