25 April 2024 Thursday

സാംബാതാളം നിലച്ചു ; ക്രൊയേഷ്യൻ അത്ഭുതത്തിൽ മഞ്ഞ മാഞ്ഞു

ckmnews

സാംബാതാളം നിലച്ചു ; ക്രൊയേഷ്യൻ അത്ഭുതത്തിൽ മഞ്ഞ മാഞ്ഞു


കഥയും കവിതയും വിരിയിക്കാതെ മഞ്ഞ മാഞ്ഞു. ഖത്തറിലെ മരുഭൂമിയിൽ ക്രൊയേഷ്യ അത്ഭുതമായി അവതരിച്ചപ്പോൾ ബ്രസീലിന്റെ മടക്കം അനിവാര്യമായി. രണ്ടുപതിറ്റാണ്ടിനുശേഷം വീണ്ടും ലോകകിരീടമെന്ന സ്വപ്‌നം ബാക്കിയായി. ഷൂട്ടൗട്ടിൽ ബ്രസീലിനെ 4–-2ന്‌ കീഴടക്കി നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യ  സെമിഫൈനലിലേക്ക്‌ ഇരച്ചുകയറി. നിശ്‌ചിതസമയത്ത്‌ ഇരുടീമുകളും ഗോളടിച്ചില്ല. അധികസമയത്ത്‌ ഓരോ ഗോൾ നേടി.  ക്രൊയേഷ്യ 1998ൽ അരങ്ങേറ്റത്തിൽ മൂന്നാംസ്ഥാനം നേടിയിരുന്നു. ആറാംലോകകപ്പിൽ മൂന്നാംതവണയും സെമിക്കുതിപ്പ്‌. പുകൾപെറ്റ ബ്രസീൽ മുന്നേറ്റനിരയെ പടിക്കുപുറത്ത്‌ പൂട്ടിയിട്ടാണ്‌ ക്രൊയേഷ്യ വിജയത്തിലേക്ക്‌ ചുവടുവച്ചത്‌. യൂറോപ്പിന്റെ കരുത്തും തന്ത്രവും സമാസമം ചേർത്ത്‌ പടുത്തുയർത്തിയ പ്രതിരോധക്കോട്ട മറികടക്കാൻ ലാറ്റിനമേരിക്കൻ ചാരുതയ്‌ക്കായില്ല. ഗോൾകീപ്പർ ഡൊമിനിക്‌ ലിവാകോവിച്ചും രക്ഷകവേഷത്തിലുണ്ടായിരുന്നു. ഷൂട്ടൗട്ടിൽ ലിവാകോവിച്ച്‌ ഒരു കിക്ക്‌ രക്ഷപ്പെടുത്തി. ഒരു ബ്രസീൽകിക്ക്‌ പോസ്‌റ്റിൽ തട്ടി മടങ്ങി. ക്രൊയേഷ്യ നാല്‌ കിക്കും ഗോളാക്കി. കളിയുടെ 90 മിനിറ്റും ബ്രസീലിനെ ഗോളടിപ്പിക്കാതിരിക്കുന്നതിൽ ക്രൊയേഷ്യ വിജയിച്ചു. അധികസമയത്ത്‌ നെയ്‌മറാണ്‌ ബ്രസീലിനെ മുന്നിലെത്തിച്ചത്‌. ഇതോടെ മഞ്ഞ ജേഴ്‌സിയിൽ നെയ്‌മർക്കും പെലെയ്‌ക്കും ഗോൾ തുല്യമായി–-77. അധികസമയം അവസാനിക്കാൻ മൂന്ന്‌ മിനിറ്റുള്ളപ്പോൾ ബ്രൂണോ പെട്‌കോവിച്ചാണ്‌ ക്രൊയേഷ്യക്ക്‌ ജീവൻ നൽകിയ ഗോളടിച്ചത്‌