19 April 2024 Friday

മിഠായി ബഷീർ പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് മറുനാടന്‍ തൊഴിലാളികള്‍ക്കൊപ്പം

ckmnews

തിരൂര്‍ :  വിവിധ മോഷണക്കേസുകളിലെ പ്രതി മലപ്പുറത്ത് പിടിയിൽ. പേരാമ്പ്ര ബഷീർ എന്ന മിഠായി ബഷീറിനെയാണ് തിരൂർ കൽപകഞ്ചേരി പോലീസ് പിടികൂടിയത്. വാഹന മോഷണം, മാല പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. വിവിധയിടങ്ങളിൽ മോഷണം നടത്തി എറണാകുളം പെരുമ്പാവൂരിൽ മറുനാടൻ തൊഴിലാളികൾക്കൊപ്പം ഹോട്ടലിൽ ജോലിചെയ്തുവരികയായിരുന്നു പ്രതി.


പരപ്പനങ്ങാടിയിൽ ബൈക്ക് മോഷണത്തിനും കൽപ്പകഞ്ചേരി, കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളുടെ മാല പിടിച്ചുപറിച്ചതിനും ഇയാൾക്കെതിരേ കേസുകളുണ്ട്. കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു പിടിച്ചുപറി നടത്തിയതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. കളവുമുതലുകൾ വിൽക്കുന്നതിന് സഹായം ചെയ്തിരുന്നത് കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി ഷംസുദ്ദീൻ എന്നയാളായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ബഷീറിന്റെ ഒളിത്താവളം കണ്ടെത്തിയത്.


കുട്ടികളെ മിഠായി കാണിച്ച് അടുത്തുവിളിച്ച് മാല പിടിച്ചുപറിക്കുന്നതാണ് ബഷീറിന്റെ രീതി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റും ഇരുവരും ചേർന്ന് നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്. നാലുമാസം മുൻപാണ് ബഷീർ ജയിലിൽനിന്ന് ഇറങ്ങിയത്.


താനൂർ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കൽപകഞ്ചേരി എസ്.ഐ. ജലീൽ കറുത്തേടത്തും താനൂർ ഡാൻസാഫ് (DANSAF) ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ. ഷംസാദ്, ജംഷാദ്, ഷെറിൻ ബാബു, ജിനേഷ്, ശബറുധീൻ, സി.പി.ഒ. കെ. അഭിമന്യു, ആൽബിൻ, വിപിൻ, ഹരീഷ് എന്നിവരുണ്ടായിരുന്നു.