24 April 2024 Wednesday

യുവ എഴുത്തുകാരൻ റംഷാദ് സൈബർമീഡിയയുടെ മൂന്നാമത്തെ പുസ്തകം മഞ്ജരി ബുക്സ് പുറത്തിറക്കുന്നു

ckmnews

പെരുമ്പടപ്പ്:  'അൽഫിയ എന്ന പെൺകുട്ടി' എന്ന ശീർഷകത്തിൽ യുവ എഴുത്തുകാരൻ റംഷാദ് സൈബർമീഡിയയുടെ തൂലികയിൽ നിന്ന് മൂന്നാമത്തെ പുസ്തകം അനുവാചകരിലേക്കെത്തുന്നു. 2023 ജനുവരി 6 വെള്ളി വൈകുന്നേരം 4മണിക്ക് പുത്തൻപള്ളിയിൽ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പഠനത്തിന്റെ പടിവാതിൽക്കൽ വെച്ച് പരീക്ഷണത്തിന്റെ തീച്ചൂളയിൽ ഹോമിക്കപ്പെട്ട വെന്തുനീറിയ ഒരു പെൺജീവിതം അടയാളപ്പെടുത്തുന്നതാണ് പ്രമേയം. പ്രണയ പരാജയത്തിന്റെ ചതിക്കുഴിയിൽ പിടഞ്ഞൊടുങ്ങേണ്ടിയിരുന്ന ഒരു പെൺകുട്ടിയുടെയും പിഞ്ചോമനയുടെയും ദാരുണജീവിതം കൂട്ടായ യത്നത്തിലൂടെ തൂലിക തുമ്പിലെ മഷിത്തുള്ളിയായി പുനർജനിച്ചതാണ് "അൽഫിയ എന്ന പെൺകുട്ടി" എന്ന കൈ പുസ്തകം.

കേവലം ഒരു പുസ്തകത്തിനപ്പുറം അഭൂതപൂർവ്വമായ അനുഭാവത്തോടെയാകും അകം നിറയെ അനുവാചക ലോകം ഈ പുസ്തകത്തെ സ്വീകരിക്കുക എന്ന് അണിയറ പ്രവർത്തകർ കരുതുന്നു. പ്രണയ ചതിയുടെ പിറകിൽ പീഡനവിധേയരാകുന്ന നിരവധി കൗമാര മനസ്സുകൾക്ക് ദിശയും ദിശാബോധവും നൽകാൻ ഇത് വഴി സഹായകമാകുമെന്ന് എഴുത്തുകാരൻ റംഷാദ് സൈബർമീഡിയ അഭിപ്രായപെട്ടു.വിശുദ്ധമായ പ്രണയ സങ്കൽപ്പം വികൃതമാക്കുന്ന പ്രണയലോബിയുടെ രതിവൈകൃതങ്ങൾ തുറന്നു കാട്ടാൻ ഈ പുസ്തകത്തിന് സാധിക്കുമെന്ന് പ്രസാധകരായ മഞ്ജരി പബ്ലിക്കേഷൻസ് വിലയിരുത്തുന്നു.ചടങ്ങിൽകെ. ടി ജലീൽ എം എൽ എ, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനിഷ മുസ്തഫ,  കവി ആലങ്കോട് ലീലകൃഷ്ണൻ, ചാരിറ്റി പ്രവർത്തകൻ സലീം കോടത്തൂർ, പി. ടി അജയ്‌മോഹൻ, ഡോ: നഫീസത്തുൽ മിസിരിയ, ഉൾപ്പെടെ പ്രദേശത്തെ സാമൂഹിക, സാംസ്‌കാരിക, കലാരംഗത്തെ പ്രമുഖർ സംബന്ധിക്കും. പുസ്തകം ബഹുമുഖതലത്തിലെത്തുമ്പോൾ ഭിന്നശേഷിക്കാരിയായ ഒരു സഹോദരിക്ക് സാന്ത്വനം പകരുക എന്ന സദുദ്ദേശമാണ് പുസ്തകം കൂടുതൽ ശ്രദ്ധേയമാകുന്നത്.പരിപാടിക്ക് കൂടുതൽ നിറം പകരാൻ സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമായി പെണ്മ-2023 സംഘടിപ്പിക്കുന്ന ഗ്രാൻഡ് കേക്ക് കോമ്പിറ്റീഷൻ ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.മുഖ്യഥിതിയായി സിതാര എം അലി പങ്കെടുക്കും.മാറഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കോർഡിനേറ്റർ ജാസിർ വന്നേരി, മേലോറ പ്രതിനിധി ശിഹാബ് പുന്നയൂർ,സൈബർമീഡിയ പ്രതിനിധി അർഷിദ തുടങ്ങിയവർ പങ്കെടുത്തു