19 April 2024 Friday

പെരുമ്പിലാവിൽ കോറിയ്ക്കെതിരെ സമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

ckmnews



പെരുമ്പിലാവ്: ഒരു കാൽക്കുന്നിൽ കോറിക്കെതിരെ സമരം ചെയ്ത ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ നാല് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. സംയുക്ത സമരസമിതി പ്രവർത്തകരായ പെരുമ്പിലാവ് തെക്കേപ്പാട്ടയിൽ കുഞ്ഞുവിന്റെ മകൻ 45 വയസ്സുള്ള അഷറഫ്, പെരുമ്പിലാവ് വെളിയാട്ടിൽ വീട്ടിൽ സയ്യിദ് മുഹമ്മദിന്റെ മകൻ 57 വയസ്സുള്ള ആലിക്കുട്ടി, പെരുമ്പിലാവ് താഴത്തേതിൽ വീട്ടിൽ മൊയ്തീന്റെ മകൻ 30 വയസ്സുള്ള അഫ്സൽ, പെരുമ്പിലാവ് കല്ലിങ്ങൽ വീട്ടിൽ അസനാരുടെ മകൻ 35 വയസ്സുള്ള ഷെമീർ എന്നിവരെയാണ് കുന്നംകുളം പോലീസ് കരുതൽ തടങ്കലിലാക്കിയത്.

ഇന്ന് 11 മണിയോടെയായിരുന്നു സംഭവം. കോറിക്കെതിരെ മൂന്നുദിവസമായി നാട്ടുകാരുടെ നേതൃത്വത്തിൽ കുടിൽക്കെട്ടി സമരം ചെയ്തു വരികയായിരുന്നു. സമരം ആരംഭിച്ചത് മുതൽ ക്വാറിക്കകത്തേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ സമരസമിതി പ്രവർത്തകർ അനുവദിച്ചിരുന്നില്ല. മൂന്നുദിവസത്തോളമായി കോറിയുടെ പ്രവർത്തനം പാടെ നിലച്ചിരുന്നു. ഇതേ തുടർന്ന് കോറി ഉടമകളുടെ പരാതിയിലാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള സമരസമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. പൂർണ്ണമായും നിയമം ലംഘിച്ച് നടത്തുന്ന ഒരു കാൽക്കുന്ന് മണിയറ കോട്ടിലെ ക്വാറിക്കെതിരെ നിരവധിതവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതരോ ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ലെന്നും സമരസമിതി പ്രവർത്തകർ ആരോപിച്ചു. കൂടുതൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.