28 March 2024 Thursday

കോഴിക്കോട് എട്ടാംക്ലാസുകാരിയെ ഉപയോഗിച്ച് ലഹരിക്കടത്ത്: പെൺകുട്ടിയുടെ മൊഴിയെടുത്തു

ckmnews

വടകര: അഴിയൂരിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ചതായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് വീണ്ടും പെൺകുട്ടിയുടെ മൊഴിയെടുത്തു.


കൗൺസിലിങ്ങിലൂടെയാണ് കുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിനൊപ്പംതന്നെ കുട്ടിയെ ചികിത്സിച്ച ഡോക്ടർ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽനിന്നെല്ലാം പോലീസ് മൊഴിയെടുക്കുന്നുണ്ട്. മൊഴികളെല്ലാം വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടർനടപടികൾ.


കുട്ടികൾ മയക്കുമരുന്ന് എത്തിച്ചതായി പറയുന്ന തലശ്ശേരിയിലെ മാളിലെയും മറ്റും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. നിർണായക വിവരങ്ങൾ ഇതിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷ. കേസന്വേഷണം വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറി.


എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷിന്റെ നിർദേശപ്രകാരം എക്സൈസും അന്വേഷണം ഊർജിതമാക്കി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി. രാജേന്ദ്രൻ, എക്സൈസ് ഐ.ബി. അസിസ്റ്റന്റ് കമ്മിഷണർ വൈ. ഷിബു എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. നേരത്തേ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുപ്രകാരം അഴിയൂർ സ്വദേശിക്കെതിരേ കേസെടുത്തിരുന്നു. മയക്കുമരുന്ന് നൽകിയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.


പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയതായ വിവരം വീട്ടുകാർ അറിഞ്ഞത് കഴിഞ്ഞ 24-നാണെന്ന് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. അന്ന് സ്കൂളിലെ ശൗചാലയത്തിൽ പൂർണമായും നനഞ്ഞൊലിച്ച് കുട്ടി നിൽക്കുന്നത് അധ്യാപിക കണ്ടിരുന്നു. ഇത് വീട്ടുകാരെ അറിയിച്ചു. വീട്ടിലെത്തിയശേഷമാണ് ഒരു ചേച്ചി തനിക്ക് ബിസ്കറ്റ് തരാറുണ്ടെന്നും മയക്കത്തിൽ ആകാറുണ്ടെന്നും കുട്ടി പറഞ്ഞത്.