19 April 2024 Friday

അറബിയിൽ നിന്ന് സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീണ്ടും തട്ടിപ്പ്

ckmnews

അറബിയിൽ നിന്ന് സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീണ്ടും തട്ടിപ്പ്


പെരിന്തൽമണ്ണ:അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 55 കാരിയുടെ നാലര പവൻ സ്വർണാഭരണങ്ങളും, 2000 രൂപയും കവർന്നതായി പരാതി. പെരിന്തൽമണ്ണ പൊന്ന്യാകുർശി സ്വദേശിനിയാണ് ഈമാസം അഞ്ചിന് നടന്ന സംഭവത്തിൽ പരാതിയുമായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തിയത്. പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗണിൽ ബസ് കാത്തു നിൽക്കവേ അടുത്തെത്തിയ ഒരാൾ ഇവരുടെ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഭർത്താവിൻ്റെ പേര് അടക്കം പറഞ്ഞ് പരിചയപ്പെടുകയും മുമ്പ് വീട്ടിൽ വന്നതായും പറഞ്ഞ് പരിചയം പുതുക്കി. വിദേശത്തായിരുന്നെന്നും തനിക്ക് പരിചയമുള്ള ഒരു അറബി ഉണ്ടെന്നും അദ്ദേഹത്തിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി തരാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ബസ്സിൽ കോട്ടക്കൽ വരെയും പിന്നീട് തൃശൂരിലുമെത്തി. ദേഹത്തെ ആഭരണങ്ങൾ കണ്ടാൽ അറബി സഹായിക്കില്ലെന്നും പറഞ്ഞ് സ്വർണ്ണാഭരണങ്ങൾ ഊരി വാങ്ങി. കൈയ്യിലുണ്ടായിരുന്ന 2000 രൂപയും വാങ്ങി പോക്കറ്റിലിട്ടു. ബസ്റ്റാൻഡിൽ നിർത്തി ഉടനെയെത്താമെന്നും പറഞ്ഞ് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ടാക്സിക്കാരും മറ്റും ചേർന്ന് സ്ത്രീയെ തൃശൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു പരാതി നൽകി. പരാതി സ്വീകരിച്ച് പോലീസ് നാട്ടിലേക്ക് അയക്കുകയായിരുന്നു. അന്വേഷണത്തിൽ പുരോഗതി ഇല്ലാതായതോടെ പെരിന്തൽമണ്ണ പോലീസിനെ സമീപിക്കുകയായിരുന്നു. 

മുമ്പും ഇത്തരം സംഭവം പെരിന്തൽമണ്ണയിൽ ഉണ്ടായിട്ടുണ്ട്. പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. സമാനമായ തട്ടിപ്പുകൾ കൂടി വരികയാണെന്നും, പരിചയമില്ലാത്തവരുടെ വാഗ്ദാനങ്ങളിൽ കുടുങ്ങി പോകരുതെന്നും പോലീസ് അറിയിച്ചു.