28 September 2023 Thursday

വിഴിഞ്ഞത്ത് സർക്കാർ അലംഭാവം കാണിച്ചിട്ടില്ല:മുഖ്യമന്ത്രി

ckmnews

തിരുവനന്തപുരം: വിഴിഞ്ഞ സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സമരസമിതിയുടെ ഉന്നത നേതാവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി. തുറമുഖ നിർമാണം നിർത്താൻ കഴിയില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമരത്തെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി  സഭയിൽ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 


ഞാൻ ഒരു സ്റ്റേറ്റ്സ്‍മാൻ ആയി ആക്ട് ചെയ്യണം എന്നാണ് പ്രതിപക്ഷം പറയുന്നത്. സർക്കാരിന് വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി ചർച്ച നടത്തുന്നത്. ആഗസ്റ്റ് 16 നാണ് വിഴിഞ്ഞ സമരം തുടങ്ങുന്നത്. മന്ത്രിസഭ ഉപസമിതി ഓഗസ്റ്റ് 19 ന് ചർച്ച നടത്തി. 24 ന് വീണ്ടും ചർച്ച ചെയ്തു. അതായത് ഓഗസ്റ്റ് മാസത്തില്‍ രണ്ട് ചർച്ച നടത്തി. സെപ്തംബർ 5,23 തിയതികളില്‍ വീണ്ടും ചർച്ചകൾ നടന്നു. കൂടാതെ അനൗദ്യോഗിക ചർച്ചകൾ വേറെയും നടത്തിയിരുന്നു. വിഷയത്തില്‍ സർക്കാർ അലംഭാവം കാണിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


സമര സമിതിയുടെ 7 ആവശ്യങ്ങളില്‍ 5 ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. പണി നിർത്തൽ ആവശ്യം അംഗീകരിച്ചില്ല. പിന്നെ ഉള്ളത് തീര ശോഷണ പഠനമാണ്. സമരത്തിന്‍റെ പ്രധാന നേതാവുമായി ഞാൻ ചർച്ച ചെയ്തു. സമരം നിർത്തണം എന്ന് ആവശ്യപ്പെട്ടു. പണി നിർത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തീര ശോഷണം പഠിക്കാൻ സമിതിയെ വെക്കാമെന്നും അറിയിച്ചു. പൂർണ്ണ സമ്മതം എന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.


അതിന് ശേഷവും മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തുകയും സമിതിയെ വിപുലീകരിക്കുകയും എല്ലാം ചെയ്തു. ഓരോ തവണയും നല്ല അന്തരീക്ഷത്തിൽ പിരിയുകയും പിന്നെയും വഷളാകുമായിരുന്നു. സമരത്തെ ഏതോ ചിലർ നിയന്ത്രിക്കുന്നുണ്ടോ എന്ന് സ്വഭാവികമായും സംശയം തോന്നും. ആ സംശയം മുൻപും ഉണ്ടായിരുന്നു, 2014 ലും ഇങ്ങനെ ഒരു സംശയം ഉണ്ടെന്ന് അന്നത്തെ മന്ത്രി കെ ബാബു പറഞ്ഞിട്ടുണ്ട്. നിയമസഭാ രേഖ ഉദ്ധരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഴിഞ്ഞം പദ്ധതിക്ക് പിന്നിൽ ആരെങ്കിലും പ്രവർത്തിക്കന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നായിരുന്നു അന്നത്തെ ചോദ്യം. അതിനാണ് കെ ബാബു മറുപടി പറഞ്ഞത്. പാരിസ്ഥിതിക പഠനത്തിനെതിരെ നിന്നവരെ കുറിച്ചായിരുന്നു അന്നത്തെ ചോദ്യമെന്ന് കെ ബാബു വ്യക്തമാക്കി. 


കേരളത്തിന്‍റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബ്രഹത്ത് പശ്ചാത്തല വികസന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. എൺപത് ശതമാനം പദ്ധതി പൂർത്തിയായി. ഇനി പ്രശ്നങ്ങൾ വികസന സ്വപ്നങ്ങൾക്ക് തന്നെ തിരിച്ചടിയാകും. തീരശോഷണം എല്ലാം നേരത്തെ പഠിച്ചതാണ്. അതിനേറെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. യുഡിഎഫ് കാലത്തെ പുനരധി വാസ പാകേജിൽ പണം നീക്കി വെച്ചില്ല. ബജറ്റിൽ ഉൾപെടുത്തിയിരുന്നില്ല. ഏഴ് ആവശ്യങ്ങളിൽ സർക്കാർ നടപടി എടുത്തു. 7 ആവശ്യത്തിൽ 5 ആവശ്യങ്ങളും അംഗീകരിച്ചു. വീടും ഭൂമിയും നഷ്ടപെട്ടവർക്ക് പുനർ ഗേഹം പദ്ധതി നടപ്പാക്കുന്നുണ്ട്. 276 ഭവന സമുച്ചയം കൈമാറി. തിരുവനന്തപുരം ജില്ലയില്‍ മാത്രം 475 കുടുംബങ്ങൾക്ക് വീട് നല്‍കി. വിവിധ ഘട്ടങ്ങളിൽ 925 കുടുംബങ്ങൾക്കാണ് വീട് നല്‍കിയത്. അവശേഷിക്കുന്നവർക്ക് ഫ്ലാറ്റ് ഒന്നര വർഷത്തിനുള്ളിൽ തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥ വ്യതിയാനാം മൂലം കടലിൽ പോ കാൻ കഴിയാത്തവർക്ക് സഹായം ഉറപ്പാക്കുകയും മണ്ണെണ്ണക്ക് ഒറ്റ തവണ സബ്സിഡി നല്‍കിയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.


പ്രശ്ന പരിഹാര നിർദ്ദേശങ്ങളിൽ കൃത്യതയോടെ മുന്നോട്ട് പോകാൻ സര്‍ക്കാര്‍ തീരുമാനിച്ചു. തീരശോഷണം പഠിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇത് പരിഗണിച്ച് വിദഗ്ധ സമിതിയെ വച്ചു. കണ്ടെത്തലുകളിൽ തുടർ പരിഗണനകളുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 286 കുടുംബങ്ങൾക്ക് വാടക തുക നൽകുകയും ചെയ്തു. 5500 രൂപയാണ് പ്രതിമാസ വാടക. കളക്ടർ ശുപാര്‍ശ ചെയ്ത തുകയാണിത്. ഇതെല്ലാം ഉത്തരവായി ഇറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.