ശവസംസ്‌ക്കാരത്തിന് ബന്ധുക്കൾ ഭൂമി വിട്ടു നൽകിയില്ല; സ്വന്തം ഭൂമി നൽകി അയൽവാസി

ശവസംസ്‌ക്കാരത്തിന് ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചതോടെ 90 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാൻ സ്വന്തം ഭൂമി നൽകി അയൽവാസി .കോന്നി ഐരവൻ സ്വദേശി ശാരദയുടെ മൃതദേഹം സംസ്‌ക്കരിക്കാനാണ് അയൽവാസിയും സിപിഐ ലോക്കൽ സെക്രട്ടറിയുമായ വിജയ വിൽസൺ സ്ഥലം നൽകിയത്.
ഇന്ന് രാവിലെയാണ് കോന്നി ഐരവൻ സ്വദേശി ശാരദ പ്രായാധിക്യത്തെ തുടർന്ന് മരണപ്പെട്ടത്. രണ്ടുവർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ തനിച്ചായിരുന്നു ശാരദ താമസിച്ചിരുന്നത്. എന്നാൽ ശാരദ മരിച്ചതോടെ നിരവധി ബന്ധുക്കൾ സ്വത്തിന് അവകാശവാദം ഉന്നയിച്ചു. ഇതോടെയാണ് ജീവിച്ച ഭൂമിയിൽ ശാരദയുടെ ശവസംസ്‌കാരം അസാധ്യമായത്.
ഈ വിവരം അറിഞ്ഞതോടെയാണ് അയൽവാസിയായ വിജയ വിൽസൺ സ്വന്തം ഭൂമിയിൽ ശാരദയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ സ്ഥലം വിട്ടു നിൽക്കാമെന്ന് അറിയിച്ചത്.
സിപിഐ ലോക്കൽ സെക്രട്ടറി ആയ വിജയ് വിൽസന്റെ തീരുമാനം പാർട്ടിയും ഏറ്റെടുത്തു.ശവസംസ്‌കാരത്തിന്റെ ചിലവുകൾ മുഴുവൻ സിപിഐ പ്രവർത്തകർ വഹിച്ചു. ഇതോടെ 90 വർഷം ജീവിച്ച ഭൂമിയുടെ തൊട്ടടുത്തുതന്നെയായി ശാരദയ്ക്ക് അന്ത്യ യാത്രയ്ക്ക് അവസരം ഒരുങ്ങി.കാലങ്ങളോളം പരിചയമുണ്ടായിരുന്ന അയൽവാസിക്ക് അവസാന യാത്രയ്ക്ക് ആറടി മണ്ണ് വിട്ടു നൽകിയ വിജയ വിൽസനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.