19 April 2024 Friday

വിദേശ വനിതയുടെ കൊലപാതകം: പ്രതികള്‍ക്ക് മരണംവരെ ജയില്‍.

ckmnews

തിരുവനന്തപുരം∙ ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം. ഇരുവരും ജീവിതാവസാനംവരെ തടവ് അനുഭവിക്കണം. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.


ഒന്നാം പ്രതിയായ ഉമേഷും രണ്ടാം പ്രതിയായ ഉദയകുമാറും 1.25 ലക്ഷം രൂപ വീതം പിഴയടയ്ക്കണം. പിഴത്തുക കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിക്കു നൽകണം. തങ്ങളെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഇരുപ്രതികളും കോടതിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു. യഥാർഥ കുറ്റവാളികൾ തങ്ങളല്ലെന്നും സംഭവം നടക്കുമ്പോൾ പ്രദേശത്തുനിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നതായും പ്രതികൾ വിളിച്ചു പറഞ്ഞു. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാൽസംഗം, തെളിവു നശിപ്പിക്കൽ, ലഹരിമരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമായാണ്. വിനോദസഞ്ചാരികൾക്കുമേൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാൻ കഴിയുന്ന വിധിയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യതെളിവുകൾ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം പറഞ്ഞു.

ആയുർവേദ ചികിൽസയ്ക്കായി കേരളത്തിലെത്തിയ ലാത്വിയൻ സ്വദേശിയായ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണ് യുവതിയെ സഹോദരി ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. മാർച്ച് 14നു രാവിലെ ഒൻപതിനു പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു. ചൂണ്ടയിടാൻപോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നൽകിയത്. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്.