23 March 2023 Thursday

ദക്ഷിണ കൊറിയക്കെതിരെ നെയ്‌മർ ഇന്ന് കളിക്കും

ckmnews

ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയക്കെതിരെ സൂപ്പർ താരം നെയ്‌മർ കളിക്കുമെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. ടീമിനൊപ്പം പരിശീലിച്ചാൽ നെയ്‌മർ പ്രീ ക്വാർട്ടറിൽ കളിക്കുമെന്നാണ് ടിറ്റെ അറിയിച്ചത്. ടീമിനൊപ്പം നെയ്‌മർ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം ദക്ഷിണ കൊറിയക്കെതിരെ കളിച്ചേക്കും.


കപ്പ് സാധ്യതയിൽ മുന്നിൽ നിൽക്കുന്ന ടീമാണ് ബ്രസീൽ. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ 7 മുൻനിര താരങ്ങളില്ലാതെയിറങ്ങിയ ബ്രസീൽ കാമറൂണിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റെങ്കിലും അത് ടിറ്റെ കാര്യമാക്കില്ല. സൂപ്പർ താരം നെയ്‌മർ തിരികെയെത്തുമെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് ബ്രസീലിനു നൽകുന്ന അഡ്വാൻ്റേജ് വളരെ വലുതാവും. സോൺ ഹ്യുങ്ങ്-മിന്നിൻ്റെ ദക്ഷിണ കൊറിയ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ വീഴ്ത്തിയാണ് അവസാന 16 ലെത്തുന്നത്. അത്ര ആധികാരികമായ പ്രകടനങ്ങളല്ല അവർ നടത്തിയതെങ്കിലും തങ്ങളെക്കൊണ്ട് എന്ത് സാധിക്കുമെന്ന് പോർച്ചുഗലിനെ തോല്പിച്ചതിലൂടെ അവർ തെളിയിച്ചു. ഇതിനകം അപകടകാരെന്ന സന്ദേശം നൽകിക്കഴിഞ്ഞ ബ്രസീൽ ആക്രമന നിരയെ തടഞ്ഞുനിർത്തുകയെന്നത് ദക്ഷിണകൊറിയക്ക് വെല്ലുവിളി ആയേക്കും.


ഇന്ന് അർദ്ധരാത്രി 12.30നാണ് ബ്രസീൽ – ദക്ഷിണ കൊറിയ പോരാട്ടം.