28 March 2024 Thursday

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന് വീണ്ടും തിരിച്ചടി

ckmnews

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന് വീണ്ടും തിരിച്ചടിയായി ഗബ്രിയേല്‍ ജീസസിന്റെ പരുക്ക്. വെള്ളിയാഴ്ച കാമറൂണിനെതിരായി നടന്ന മത്സരത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇനിയുള്ള മത്സരങ്ങളില്‍ ജീസസിന് കളിക്കാനാകില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ജീസസിന്റെ വലതുകാല്‍മുട്ടിനാണ് പരുക്കേറ്റത്. തിങ്കളാഴ്ച ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം. പരുക്കിന് പിന്നാലെ ജീസസിന്റെ കാലിന് എംആര്‍ഐ സ്‌കാനിങും നടത്തിയിരുന്നു.

നേരത്തെ കളിക്കിടെ പരുക്കേറ്റതിനെ തുടര്‍ന്ന് നെയ്മര്‍ക്കും ഗ്രൂപ്പ് ജിയിലെ അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല.


ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടി ബ്രസീലിനെ പരാജയപ്പെടുത്തിയാണ് കാമറൂണ്‍ ലോകകപ്പിനോട് വിടപറഞ്ഞത്.

90ാം മിനിറ്റില്‍ കാപ്റ്റന്‍ വിന്‍സന്റ് അബൂബക്കറിന്റെ അവിശ്വസനീയ ഗോളിലൂടെ ബ്രസീലിന്റെ ഗോള്‍ വല തകര്‍ക്കുകയായിരുന്നു കാമറൂണ്‍ പട. ഗോള്‍ പിറന്നതിന് പിന്നാലെ താരത്തിന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവരികയും ചെയ്തു.


ഈ നൂറ്റാണ്ടില്‍ ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പില്‍ ഗ്രൂപ്പ് മത്സരം തോല്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ തുടങ്ങിയത്. പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് മഞ്ഞപ്പട ആധിപത്യം തുടര്‍ന്നു. എന്നാല്‍ കാമറൂണിനെതിരെ ബ്രസീലിന്റെ റെക്കോര്‍ഡ് മോഹം പൊളിഞ്ഞു. ഇന്നലെ കാമറൂണിനെതിരെ ജയിച്ചിരുന്നെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത സമ്പൂര്‍ണ ജയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ബ്രസീലിനും പോര്‍ച്ചുഗലിനും അവസരുമുണ്ടായിരുന്നു.