24 April 2024 Wednesday

കോഴിക്കോട് ബാങ്ക് തട്ടിപ്പിൽ കൂടുതൽ പേർ ഇരയായതായി സംശയം

ckmnews

കോഴിക്കോട് : കോഴിക്കോട് ബാങ്ക് തട്ടിപ്പിൽ കൂടുതൽ പേർ ഇരയായതായി സംശയം. പതിനെട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി നടക്കാവ് സ്വദേശിനി പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ കേസിലെ മുഖ്യപ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനെജർ എം.പി.റിജിൽ നൽകിയ മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. 


കാർഷിക ലോൺ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പതിനെട്ട് ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പുതിയ പരാതി. ഏപ്രിൽ മാസത്തിൽ പരാതിക്കാരിയുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തി മുപ്പത്തി ഒൻപതിനായിരം രൂപ കാർഷിക ലോൺ അക്കൗണ്ടിലേക്ക് മാറ്റിയതായും പരാതിയിൽ പറയുന്നു.


2019 നവംബറിന് ശേഷം ഇടപാട് നടത്താത്ത അക്കൗണ്ടിലാണ് തിരിമറി നടന്നത്. ഈ പരാതിയും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. നഷ്ടമായ പണം തിരികെ നൽകുമെന്ന് ബാങ്ക് അധികൃതരും അറിയിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതി മുൻ മാനെജർ കൂടിയായ എം.പി.റിജിൽ നൽകിയ മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജില്ലാ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.


പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ ഏഴ് അക്കൗണ്ടുകളിൽ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടമായെന്നാണ് കോർപ്പറേഷൻ്റെ പരാതി. തട്ടിയെടുത്ത പണം ഓൺ ചൂതാട്ടത്തിന് ഉപയോഗിച്ചതായും പൊലീസിന് സംശയമുണ്ട്.