20 April 2024 Saturday

ഘാനയെ തോൽപ്പിച്ചിട്ടും യുറഗ്വായ് പുറത്ത്; അടിതെറ്റിയത് ദ.കൊറിയയുടെ വിജയത്തിൽ

ckmnews

ദോഹ∙ ഘാനയ്ക്കെതിരെ നിറഞ്ഞ് കളിച്ച് രണ്ട് ഗോൾ നേടി വിജയം ഉറപ്പിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ യുറഗ്വായ് പുറത്ത്. കളിയുടെ അവസാനം കാണികളെ മുൾമുനയൽ നിർത്തിയാണ് ഘാനയും യുറഗ്വായും പോരാടിയത്. എന്നാൽ ഇരു ടീമുകളും പ്രീക്വാർട്ടർ കാണാതെ പുറത്തായി. 


പോർച്ചുഗലിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ദക്ഷിണ കൊറിയ ജയിച്ചത്. ഇതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിൽ കടക്കുകയായിരുന്നു. ദക്ഷിണ കൊറിയ രണ്ട് ഗോൾ നേടിയ വിവരം അറിഞ്ഞതോടെ യുറഗ്വായ് ആരാധകർ ആകാംക്ഷയുടെ മുൾമുനയിലായി. ഇതോടെ ഒരു ഗോൾ കൂടി അടിച്ച് പ്രീക്വാർട്ടറിൽ കയറാനുള്ള പരാക്രമമായിരുന്നു കളത്തിൽ. 90ാം മിനിറ്റിൽ ഘാനയുടെ പോസ്റ്റിലേക്ക് ഗോമസ് പന്ത് അടിച്ചുകയറ്റാൻ ശ്രമിച്ചങ്കിലും ഗോളി തട്ടിമാറ്റി. ഗാനയെ സംബന്ധിച്ചടത്തോളം പ്രീക്വാർട്ടറിൽ നിന്നും പുറത്തായ അവസ്ഥയായിരുന്നു. എന്നാൽ യുറുഗ്വായെ പ്രീക്വാർട്ടറിൽ നിന്നും പുറത്താക്കാനായിരുന്നു പിന്നീട് ഘാനയുടെ ശ്രമം. അവസാനനിമിഷങ്ങളിലെ കളി അതിനായിരുന്നു. അതിൽ അവർ ജയിക്കുകയും ചെയ്തു.

വിജയം മാത്രം ലക്ഷ്യം കണ്ട് കളത്തിലിറങ്ങിയ യുറഗ്വായുടെ മിന്നൽ നീക്കങ്ങൾക്കിടെ പിറന്നത് രണ്ട് ഗോൾ. 26ാം മിനിറ്റിൽ ഡി അരസേറ്റയുടെ ഹെഡ്ഡറിലൂടെയാണ് യുറഗ്വായ് സ്കോർ ബോർഡ് തുറന്നത്. 32ാം മിനിറ്റിൽ രണ്ടാം ഗോളും നേടിയത് അരസേറ്റയുടെ കാലിലൂടെ. ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ നേട്ടം യുറഗ്വായ്ക്ക് ആഘോഷിക്കാനായത് ഈ കളിയിൽ മാത്രമാണ്. 


ഇതിനിടെ വീണുകിട്ടിയ പെനാൽറ്റി നശിപ്പിച്ച് ഘാന നിരാശാജനകമായ തുടക്കം  കുറിച്ചു. പതിനാറാം മിനിറ്റിൽ ഗാനയുടെ ജോർദൻ ആയേവ് പോസ്റ്റിലേക്ക് പന്ത് പായിച്ചെങ്കിലും ഗോളി തട്ടിമാറ്റുകയായിരുന്നു. ഇതിനുപിന്നാലെ മുന്നേറ്റം തടയുന്നതിനിടെ ഘാനയുടെ കുഡുസിനെ യുറുഗ്വായുടെ റോഷെറ്റ് തടഞ്ഞിട്ടത് പെനാൽറ്റിക്ക് വഴി തുറന്നു. എന്നാൽ ഘാനയുടെ പെനാൽറ്റി കിക്ക് എടുത്ത ആൻഡ്രെയ്ക്ക് ലക്ഷ്യം നേടാനായില്ല. വളരെ ദുർബലമായ കിക്ക് ഗോളി റോഷെറ്റ് കയ്യിലൊതുക്കുകയായിരുന്നു.  


ആദ്യപകുതിയിൽ അവസാനിച്ചപ്പോൾ രണ്ട് ഗോൾ നേട്ടവുമായി യുറഗ്വായ് മികച്ച നിലയിലായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി പോരാടിയെങ്കിലും ഫലം കണ്ടില്ല. 66 ാം മിനിറ്റിൽ സുവാരിസിന് പകരം കവാനിയേയും പെലിസ്ട്രിക്ക് പകരം ഡി ലാ ക്രൂസിനേയും ഇറക്കി കളി മാറ്റാൻ യുറഗ്വായ് നീക്കം നടത്തി. 78ാം മിനിറ്റിൽ ഘാനയുടെ വാൽവേഡ് ഗോൾ പോസ്റ്റിലേക്ക് മുന്നേറ്റം നടത്തിയെങ്കിലും കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയി. 81ാം മിനിറ്റിൽ കുഡുസ് മനോഹരമായ ഷോട്ട് യുറുഗ്വായ് പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഗോളി തട്ടിമാറ്റുകയായിരുന്നു. 


മികച്ച മുന്നേറ്റം  നടത്തി ഘാനയ്ക്കെതിരെ വിജയിച്ചെങ്കിലും ജർമനിയുടെ വിധിയായിരുന്നു യുറഗ്വായെയും കാത്തിരുന്നത്. ഇന്നലെ നടന്ന കളിയിൽ സ്പെയിനെതിരെ ജപ്പാൻ ജയിച്ചതോടെയാണ് കോസ്റ്ററിക്കയെ തോൽപ്പിച്ച ജർമനിയും പ്രീ ക്വാർട്ടറിന് പുറത്തായത്.