25 April 2024 Thursday

ജയിച്ചിട്ടും ജർമനിക്ക് രക്ഷയില്ല; ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്ത്!

ckmnews

ദോഹ ∙ ആവേശപ്പോരാട്ടത്തിൽ പൊരുതിക്കളിച്ച കോസ്റ്ററിക്കയെ മികച്ച രീതിയിൽ തോൽപ്പിച്ചെങ്കിലും, സ്പെയിനെ ജപ്പാൻ അട്ടിമറിച്ചതോടെ മുൻ ലോക ചാംപ്യൻമാരായ ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്ത്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജർമനി ജയിച്ചത്. ഇതോടെ മൂന്നു കളികളിൽനിന്ന് സ്പെയിനൊപ്പം നാലു പോയിന്റായെങ്കിലും, ഗോൾശരാശരിയിൽ പിന്നിലായതാണ് അവർക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ഇയിൽനിന്ന് കോസ്റ്ററിക്കയും പുറത്തായി. ഇതോടെ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ജപ്പാനും രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാർട്ടറിലെത്തി.


കോസ്റ്ററിക്കയ്‌ക്കെതിരെ കെയ് ഹാവർട്സിന്റെ ഇരട്ടഗോളും (73, 85 മിനിറ്റുകളിൽ), സെർജിയോ ഗ്‌നാബ്രി (10), നിക്കോള ഫുൽക്രുഗ് (89–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളുമാണ് ജർമനിക്ക് വിജയം സമ്മാനിച്ചത്. കോസ്റ്ററിക്കയ്ക്കായി ടെജേദ (58–ാം മിനിറ്റ്), വർഗാസ് (70–ാം മിനിറ്റ്) എന്നിവരും ലക്ഷ്യം കണ്ടു. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, അതിനു മുൻപു കളിച്ച 16 ലോകകപ്പുകളിലും ജർമനി നോക്കൗട്ടിൽ പ്രവേശിച്ചിരുന്നു.

സമനിലയായാൽ പോലും പ്രീക്വാർട്ടറിൽ കടക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോസ്റ്ററിക്ക. ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചല്ല ജർമനി കളത്തിലിറങ്ങിയത്. കളിയിലുടനീളം ആധിപത്യം പുലർത്തിയ ജർമനി നിരവധി തവണ ഗോളടിക്കാൻ ശ്രമം നടത്തി. ജർമൻ ഗോൾ പോസ്റ്റിന് അടുത്തേക്ക് പോലും പലപ്പോഴും എത്താൻ കോസ്റ്ററിക്കയ്ക്ക് സാധിച്ചിരുന്നില്ല.


ആദ്യപകുതിയിൽ ഒരു ഗോൾ ലീഡുമായി മുന്നേറിയ ജർമനിക്ക് രണ്ടാം പകുതിയിൽ രണ്ട് ഗോൾ മടക്കി കോസ്റ്ററിക്ക മറുപടി നൽകി. തുടക്കം മുതൽ കോസ്റ്ററിക്കയ്ക്കെതിരെ ആക്രമിച്ച് കളിച്ച ജർമനി പത്താം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. ഗ്‌നാബ്രിയുടെ ഹെഡ്ഡറിലൂടെയാണ് ജർമനി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പന്തുമായി മുന്നേറിയ മുസിയാലയാണ് ഗോളിന് വഴിതുറന്നത്. എന്നാൽ പിന്നീടങ്ങോട്ട് നിരവധി തവണ ഗോളടിക്കാൻ ശ്രമം നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.


രണ്ടാം മിനിറ്റിൽ മുസിയാല പന്ത് പോസ്റ്റിൽ അടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ഗോളി നവാസ് തട്ടിമാറ്റുകയായിരുന്നു. ആദ്യപകുതിയിൽ ഭൂരിഭാഗം സമയവും പന്ത് കോസ്റ്ററിക്കയുെട പോസ്റ്റിന് സമീപത്തായിരുന്നു. ഇതിനിടെ 42–ാം മിനിറ്റിൽ ഫുള്ളർക്ക് റൂഡിഗർ നൽകിയ ലോങ് പാസ് ഗോളാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗോളി മാത്രമായിരുന്നു ആ സമയത്ത് മുന്നിലുണ്ടായിരുന്നത്.


58–ാം മിനിറ്റിൽ കോസ്റ്ററിക്ക അത്യുഗ്രൻ മുന്നേറ്റത്തിലൂടെ ജർമനിക്കെതിരെ ഗോൾ മടക്കി. വാസ്ടൻ പോസ്റ്റിന് മധ്യത്തിലേക്ക് അടിച്ച പന്ത് ഗോൾകീപ്പർ തടുത്തെങ്കിലും വഴുതിപ്പോയി. അവസരം മുതലാക്കിയ വർഗാസ് പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ മുസിയാലയുടെ കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചത് ജർമനിക്ക് നിരാശയായി.


70–ാം മിനിറ്റിലായിരുന്നു കോസ്റ്ററിക്ക അടുത്ത ഗോൾ നേടിയത്. 73–ാം മിനിറ്റിൽ പകരക്കാരൻ താരം കെയ് ഹാവെട്സ് ഗോൾ മടക്കി ജർമനിയെ ഒപ്പമെത്തിച്ചു. ഹാവെർട്സ് 85–ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. മുഴുവൻ സമയം തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ഫുൽക്രുഗും ലക്ഷ്യം കണ്ടതോടെ ജർമനിക്ക് 4–2ന്റെ വിജയം.