25 April 2024 Thursday

ഓണത്തിന് മദ്യവിൽപ്പനയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് മൂന്ന് ദിവസത്തെ ഇടവേള എന്ന നിബന്ധന എടുത്തുകളഞ്ഞു; വിൽപ്പന സമയം വൈകിട്ട് 7 മണി വരെയാക്കി നീട്ടി

ckmnews

ഓണത്തിന് മദ്യവിൽപ്പനയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ്  മൂന്ന് ദിവസത്തെ ഇടവേള എന്ന നിബന്ധന എടുത്തുകളഞ്ഞു; വിൽപ്പന സമയം  വൈകിട്ട് 7 മണി വരെയാക്കി നീട്ടി 

തിരുവനന്തപുരം : ഓണത്തിരക്ക് കണക്കിലെടുത്ത്സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്കുള്ള നിയന്ത്രണങ്ങളിൽ സർക്കാർ ഇളവനുവദിച്ചു. ഒരു ദിവസം നൽകുന്ന ടോക്കണുകളുടെ എണ്ണം 800 ആക്കി. മൂന്ന് ദിവസത്തെ ഇടവേള എന്ന നിബന്ധന എടുത്തുകളഞ്ഞു. വിൽപ്പന സമയം  വൈകിട്ട് 7 മണി വരെയാക്കി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്. ബീവറേജസ് ഔട്ട്ലറ്റുകൾ വഴിയും കൺസ്യൂമർഫെഡിൻ്റെയും കെ ടിഡിസിയുടെയും ഔട്ലറ്റുകൾ വഴിയുള്ള മദ്യവിൽപ്പനക്കാണ് സർക്കാർ നിലവിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു ദിവസം 400 ടോക്കണുകൾ എന്നത് 800 ടോക്കൺ ആയാണ് വർധിപ്പിച്ചു നൽകിയിരിക്കുന്നത്. വിൽപ്പന സമയം  രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണിവരെയായിരുന്നതാണ്  വൈകിട്ട് ഏഴുമണി വരെയാക്കി നീട്ടി നൽകിയത്. അധികമായി അനുവദിച്ച 2 മണിക്കൂറിന് ആനുപാതികമായാണ് ടോക്കണുകളുടെ എണ്ണം 800 ആക്കി ഉയർത്തിയത്. നിലവിൽ ബവ്ക്യു ആപ്പ് വഴിയുള്ള ബുക്കിങ്ങിലൂടെയാണ് സംസ്ഥാനത്ത് മദ്യവിൽപ്പന. ഒരു തവണ ബുക്ക് ചെയ്താൽ പിന്നീട് മൂന്നു ദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാനാവൂ എന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്.

കള്ളുഷാപ്പുകൾക്കും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. രാവിലെ എട്ടു മണി മുതൽ വൈകിട്ട് ഏഴുമണി വരെ പ്രവർത്തിക്കാം.