25 March 2023 Saturday

മദ്യലഹരിയിൽ കാറോടിച്ചെത്തി യുവതി; ബൈക്ക് ഇടിച്ചിട്ടു, നടുറോഡിൽ പരാക്രമം; അറസ്റ്റ്

ckmnews

മയ്യഴി: മദ്യലഹരിയിൽ നടുറോഡിൽ ബഹളമുണ്ടാക്കുകയും പൊതുജനങ്ങളെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പന്തക്കൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.


വടക്കുമ്പാട് കൂളിബസാറിലെ റസീന(29)യെയാണ് അറസ്റ്റ് ചെയ്തത്. യുവതി ഓടിച്ച കാർ ബൈക്കിനിടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് വീണ് യാത്രികരായ പുരുഷനും സ്ത്രീക്കും പരിക്കേറ്റു. തുടർന്ന് ഇതിനെ ചോദ്യംചെയ്ത യാത്രക്കാരുടെയും നാട്ടുകാരുടെയും നേർക്കായി യുവതിയുടെ പരാക്രമം. ചോദ്യം ചെയ്തവരെയാണ് കൈയേറ്റം ചെയ്തത്.


സംഭവമറിഞ്ഞെത്തിയ പോലീസിന് നേർക്കും യുവതി ബലപ്രയോഗവും കൈയേറ്റശ്രമവും നടത്തി.  പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും വാഹനമിടിച്ച് പരിക്കുണ്ടാക്കിയതിനും പന്തക്കൽ എസ്.ഐ. ജയരാജൻ കേസെടുത്തു.