23 March 2023 Thursday

തടസം നീങ്ങി; വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറക്കി

ckmnews

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറക്കി. നേരത്തെ രണ്ട് തവണ സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് എയര്‍ സ്ട്രിപ്പ് നിര്‍മിച്ചത്. 650 മീറ്ററില്‍ നിര്‍മിച്ച എയര്‍സ്ട്രിപ്പിന്റെ അറ്റത്തുള്ള മണ്‍തിട്ടയായിരുന്നു വിമാനമിറങ്ങുന്നതിന് നേരത്തെ തടസമായിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ വക ഇരുത്തിയ ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയാണ് സത്രം എയര്‍ സ്ട്രിപ്പ്. എന്‍.സി.സി. കേഡറ്റുകള്‍ക്ക് ചെറു വിമാനങ്ങള്‍ പറത്തുന്നതിന് പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം. റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നങ്കിലും വിജയകരമായിരുന്നില്ല. റണ്‍വേയുടെ ചേര്‍ന്നുള്ള മണ്‍ തിട്ട നീക്കം ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ തടസം നീക്കം ചെയ്തതോടെയാണ് വിമാനമിറക്കാന്‍ സാധിച്ചത്.