25 April 2024 Thursday

എസ്എന്‍ഡിപി യൂണിയൻ സെക്രട്ടറിയുടെ മരണം: വെള്ളാപ്പള്ളി നടേശന്‍ അടക്കം മൂന്ന്പേരെ പ്രതിചേർക്കാൻ കോടതി ഉത്തരവ്

ckmnews

ആലപ്പുഴ: എസ്.എൻ.ഡി.പി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ മരണത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കം മൂന്നുപേരെ പ്രതിചേർക്കാൻ കോടതിയുടെ നിർദേശം. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) ആണ് വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവരെ പ്രതിചേർത്ത് കേസെടുക്കാൻ നിർദേശം നൽകിയത്. മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.


മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പേരുകൾ പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതികൾക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.


2020 ജൂൺ 24-നാണ് കണിച്ചുകുളങ്ങരയിലെ എസ്.എൻ.ഡി.പി. ഓഫീസിൽ മഹേശനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓഫീസിന്റെ ചുമരിൽ ഒട്ടിച്ചുവെച്ച നിലയിൽ മഹേശന്റെ ആത്മഹത്യാക്കുറിപ്പുകളും കണ്ടെടുത്തിരുന്നു. ഈ കുറിപ്പിലാണ് വെള്ളാപ്പള്ളിക്കെതിരേയും പരാമർശമുണ്ടായിരുന്നത്.


മൈക്രോ ഫിനാൻസ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം. മൈക്രോ ഫിനാൻസ് കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഹാജരായതിന്റെ അടുത്തദിവസമായിരുന്നു മഹേശന്റെ ആത്മഹത്യ.