29 March 2024 Friday

ഖത്തര്‍ ലോകകപ്പില്‍ ജര്‍മനി-കോസ്റ്ററിക്ക തീപാറും പോരാട്ടം നിയന്ത്രിക്കുക മൂന്ന് വനിതകള്‍

ckmnews


ഖത്തര്‍ ലോകകപ്പില്‍ വ്യാഴാഴ്ച്ച രാത്രി 12.30ന് നടക്കുന്ന ജര്‍മനിയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരത്തില്‍ തീപാറുമെന്നുറപ്പാണ്. ഇരുടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താനുള്ള അവസാന അവസരമാണ് ഈ മത്സരം. നിലവില്‍ ഒരു ജയം മാത്രമുള്ള കോസ്റ്ററിക്കയ്ക്ക്‌ മൂന്ന് പോയിന്റുണ്ട്. എന്നാല്‍ മുന്‍ചാമ്പ്യന്‍മാരായ ജര്‍മനിയുടെ കൈയില്‍ ഒരൊറ്റ പോയിന്റ് മാത്രമാണുള്ളത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രം പോര ജര്‍മനിക്ക്, ഗ്രൂപ്പില്‍ അതേ സമയത്ത് നടക്കുന്ന ജപ്പാന്‍-സ്‌പെയിന്‍ മത്സരവും അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തേ ബാധിക്കും.എങ്ങനെ ആയാലും ഈ വാശിപ്പോരാട്ടത്തില്‍ കളി നിയന്ത്രിക്കാന്‍ ഗ്രൗണ്ടിലിറങ്ങുന്നത് മൂന്ന് പെണ്‍പുലികളാണ്. ലോകകപ്പില്‍ ആദ്യമായി ഒരു വനിതാ റഫറി മത്സരം നിയന്ത്രിക്കുക എന്ന ചരിത്രനേട്ടവും ഈ മത്സരത്തിനൊപ്പം ചേരും. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി. ബ്രസീലില്‍ നിന്നുള്ള ന്യൂസ ബക്കും മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസുമാണ് അസിസ്റ്റന്റ് റഫറിമാര്‍.38-കാരിയായ സ്റ്റെഫാനി കഴിഞ്ഞാഴ്ച്ച നടന്ന പോളണ്ടും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയായി കളത്തിലിറങ്ങിയിരുന്നു. മാര്‍ച്ചില്‍ നടന്ന പുരുഷ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 2020-ലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിരുന്നു. 2019-ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ നടന്ന യുവേഫ കപ്പ് സൂപ്പര്‍ ഫൈനലിലും സ്റ്റെഫാനി റഫറിയായിട്ടുണ്ട്.നേരത്തെ ഫിഫ പുറത്തുവിട്ട 36 മെയ്ന്‍ റഫറിമാരുടെ പട്ടികയില്‍ സ്‌റ്റെഫാനിയെ കൂടാതെ രണ്ട് വനിതകള്‍ കൂടിയുണ്ട്. ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിതയും റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗയും. 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ന്യൂസയും കാരെനും കൂടാതെ യുഎസില്‍ നിന്നുള്ള കാതറിന്‍ നെസ്ബിറ്റയാണ് മൂന്നാമത്തെ വനിത. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതകള്‍ ലോകകപ്പിന്റെ ഭാഗമാകുന്നത്.