24 April 2024 Wednesday

കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേര്‍ മലപ്പുറം  പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പിടിയിലായവരില്‍ മാറഞ്ചേരി വെളിയംകോട് സ്വദേശികള്‍

ckmnews

മലപ്പുറം: കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേര്‍ മലപ്പുറം  പെരിന്തല്‍മണ്ണയില്‍ പിടിയില്‍. കേരള തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേരാണ് പിടിയിലായത്. സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്ന കാസർകോട് സ്വദേശികളെ കൊള്ളയടിക്കാൻ വന്ന സംഘമാണ് പിടിയിലായത്.


ഈ മാസം 26 ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍  ഇറങ്ങിയ രണ്ട് കാസർകോട് സ്വദേശികൾ സ്വർണം കാപ്സ്യൂൾ രൂപത്തിൽ കടത്തിയിരുന്നു. ഒരു കിലോയോളം സ്വർണമാണ് കൊണ്ടുവന്നത്. റോഡ് മാർഗം നാട്ടിലേക്ക് വരുന്ന ഇവരിൽ നിന്നും കടത്ത് സ്വർണം കവർച്ച ചെയ്യാനാണ് സംഘം എത്തിയത്. കോയമ്പത്തൂർ വിമാനത്താവളം മുതൽ സംഘം കാസർകോട് സ്വദേശികളെ പിന്തുടരുന്നുണ്ടായിരുന്നു. കരിങ്കല്ലത്താണി വെച്ച് വാഹനം തടഞ്ഞെങ്കിലും നാട്ടുകാർ ഓടിക്കൂടിയതിനാൽ ശ്രമം പൊളിഞ്ഞു. ഇതോടെ കവർച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു.


കാസര്‍ഗോഡ് സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നും സിസിടിവി ഉൾപ്പടെ പരിശോധിച്ചുമാണ് പെരിന്തൽമണ്ണ പൊലീസിന് കവർച്ചാ സംഘത്തെ പിടികൂടാനായത്. കൊപ്പം മുതുതല സ്വദേശി മുഹമ്മദ് റഷാദ്, കൂടല്ലൂര്‍ സ്വദേശി അബ്ദുൾ അസീസ്, മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, വെളിയങ്കോട് സ്വദേശി  സാദിക്ക് ചാവക്കാട് സ്വദേശി  അൽതാഫ്ബക്കർ എന്നിവരാണ് പിടിയിലായത്. മുഹമ്മദ്‌ റഷാദാണ്‌ മുഖ്യ ആസൂത്രകൻ എന്ന് പൊലീസ് പറഞ്ഞു.