28 March 2024 Thursday

അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി; ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം

ckmnews

ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി. ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം കൂടിയേ തീരൂ. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. ഈ സമയം തന്നെ സൗദി അറേബ്യ – മെക്സിക്കോ മത്സരവും നടക്കും. ഒരു ജയം ഇരു ടീമുകളുടെയും പ്രീ ക്വാർട്ടർ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഗ്രൂപ്പ് ഡിയിൽ ഇന്ന് മറ്റൊരു നിർണായ മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30ന് ഓസ്ട്രേലിയ ഡെന്മാർക്കിനെ നേരിടും. ഈ കളി വിജയിക്കുന്ന ടീമിനും പ്രീ ക്വാർട്ടറ് സാധ്യതയുണ്ട്. ഇതേ സമയത്ത് തന്നെ നടക്കുന്ന ഫ്രാൻസ് – ടുണീഷ്യ മത്സരം ടുണീഷ്യക്ക് നിർണായകമാണ്. വിജയിച്ചാൽ അവർക്കും പ്രീ ക്വാർട്ടർ സാധ്യതയുണ്ട്. 


ഗ്രൂപ്പിൽ 2 മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുള്ള പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിൻ്റ് വീതമുള്ള അർജൻ്റീനയും സൗദി അറേബ്യയും രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഒരു പോയിൻ്റുള്ള മെക്സിക്കോ ആണ് അവസാന സ്ഥാനത്ത്. പോളണ്ടിനെ വീഴ്ത്താൻ അർജൻ്റീനയ്ക്ക് സാധിച്ചാൽ 6 പോയിൻ്റുമായി മെസിയും സംഘവും ഒന്നാമതെത്തും. സൗദി – മെക്സിക്കോ മത്സരത്തിൽ സൗദി വിജയിച്ചാൽ പോളണ്ടും മെക്സിക്കോയും പുറത്താവും. മെക്സിക്കോ വിജയിച്ചാൽ പോളണ്ട്, മെക്സിക്കോ ടീമുകളിൽ നിന്ന് മികച്ച ഗോൾ ശരാശരിയുള്ള ടീം അടുത്ത റൗണ്ടിലെത്തും. അർജൻ്റീന പരാജയപ്പെടുകയും സൗദി അറേബ്യ തോൽക്കാതിരിക്കുകയും ചെയ്താൽ സൗദിയും പോളണ്ടും പ്രീ ക്വാർട്ടറിലെത്തും. അർജൻ്റീനയും മെക്സിക്കോയും പുറത്താവും. സൗദി തോറ്റാൽ മെക്സ്ക്കോ, പോളണ്ട് ടീമുകൾ അടുത്ത ഘട്ടത്തിലെത്തും. പോളണ്ട്, അർജൻ്റീന മത്സരം സമനില ആയാൽ, സൗദി മെക്സിക്കോയുമായി സമനിലയെങ്കിലും പിടിച്ചാൽ സൗദി, അർജൻ്റീന ടീമുകളിൽ മികച്ച ഗോൾ ശരാശരിയുള്ള ടീം അടുത്ത റൗണ്ട് കളിക്കും. കളിയിൽ മെക്സിക്കോ ജയിച്ചാൽ അർജൻ്റീനയും മെക്സിക്കോയും തമ്മിൽ ഗോൾ ശരാശരി പരിഗണിക്കും.


ഗ്രൂപ്പ് ഡിയിൽ 2 മത്സരങ്ങളിൽ നിന്ന് 6 പോയിൻ്റുമായി പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസാണ് ഒന്നാമത്. 2 മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിൻ്റുള്ള ഓസ്ട്രേലിയ രണ്ടാമതാണ്. ഡെന്മാർക്കിനും ടുണീഷ്യയ്ക്കും ഓരോ പോയിൻ്റുണ്ട്. ഡെന്മാർക്കിനെതിരെ ഒരു ജയം ഓസ്ട്രേലിയയെ അടുത്ത ഘട്ടത്തിലെത്തിക്കും. ഡെന്മാർക്ക് വിജയിച്ചാൽ അവരാവും പ്രീ ക്വാർട്ടറിലേക്ക് പോവുക. ഫ്രാൻസിനെ വീഴ്ത്താൻ ടുണീഷ്യക്ക് സാധിച്ചാൽ, ഡെന്മാർക്ക് ഓസ്ട്രേലിയയെ വീഴ്ത്തിയാൽ ടുണീഷ്യ, ഡെന്മാർക്ക് എന്നീ ടീമുകളിൽ മികച്ച ഗോൾ ശരാശരിയുള്ള ടീം പ്രീ ക്വാർട്ടർ കളിക്കും. ടുണീഷ്യ വിജയിക്കുകയും ഡെന്മാർക്ക് പരാജയപ്പെടുകയും ചെയ്താൽ ഓസ്ട്രേലിയ തന്നെ പ്രീ ക്വാർട്ടറിലെത്തും.