29 March 2024 Friday

വെയിൽസിനെ വീഴ്ത്തി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യൻമാർ; ഇംഗ്ലിഷ് തേരോട്ടം പ്രീക്വാർട്ടറിലേക്ക്

ckmnews

ദോഹ ∙ ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം വെറും 98 സെക്കൻ‍ഡിനിടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ...! അധികം വൈകാതെ മൂന്നാമത്തെ ഗോളും; യുഎസ്എയ്‌ക്കെതിരായ അപ്രതീക്ഷിത സമനിലയിൽനിന്നും പാഠം പഠിച്ച് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന്, വെയ്‌ൽസിനെതിരെ തകർപ്പൻ ജയവും പ്രീക്വാർട്ടർ ബർത്തും. പ്രീക്വാർട്ടറിൽ കടക്കാൻ വമ്പൻ ജയവും മോഹിച്ചെത്തിയ വെയ്‌ൽസിനെ ഇംഗ്ലണ്ട് വീഴ്ത്തിയത് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്. ഇംഗ്ലണ്ടിനായി മാർക്കസ് റാഷ്ഫോർഡ് ഇരട്ടഗോൾ നേടി. 50, 68 മിനിറ്റുകളിലായിരുന്നു റാഷ്ഫോർഡിന്റെ ഗോളുകൾ. ഫോഡൻ 51–ാം മിനിറ്റിലും ലക്ഷ്യം കണ്ടു.


വിജയത്തോടെ, ഗ്രൂപ്പ് ബിയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നു. ഡിസംബർ നാലിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗലാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഗ്രൂപ്പിൽ ഇതേ സമയത്തു നടന്ന മറ്റൊരു മത്സരത്തിൽ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി യുഎസ്എയും പ്രീക്വാർട്ടറിലെത്തി. ഡിസംബർ മൂന്നിനു നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഗ്രൂപ്പ് എ ചാംപ്യൻമാരായ നെതർലൻഡ്സാണ് യുഎസ്എയുടെ എതിരാളികൾ