29 March 2024 Friday

ഗോളടിച്ച് ഗാക്പോ, ഡിയോങ്; ഖത്തറിന് മൂന്നാം തോൽവി, നെതർലൻഡ്സ് പ്രീക്വാർട്ടറിൽ

ckmnews

ദോഹ∙ ഫിഫ ലോകകപ്പിൽ ഖത്തറിനെ രണ്ടു ഗോളുകള്‍ക്കു കീഴടക്കി നെതർലൻഡ്സ് പ്രീക്വാർട്ടറില്‍. രണ്ടാം ജയത്തോടെ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് നെതർലൻഡ്സിന്റെ മുന്നേറ്റം. രണ്ടു വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാക്കിയ നെതർലൻഡ്സിന് ഏഴു പോയിന്റുണ്ട്. മൂന്നാം മത്സരവും തോറ്റ ആതിഥേയർ ഒരു പോയിന്റും സ്വന്തമാക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായി ഡിസംബർ മൂന്നിന് നെതർലൻഡ്സ് ഏറ്റുമുട്ടും.


നെതർലൻഡ്സിനായി കോ‍ഡി ഗാക്പോ (26), ഫ്രാങ്കി ഡിയോങ് (49) എന്നിവരാണു ഖത്തറിനെതിരെ ഗോൾ നേടിയത്. രണ്ടാം ജയം തേടിയിറങ്ങിയ നെതർലൻഡ്സ് ആദ്യ പകുതിയുടെ തുടക്കം മുതൽ തന്നെ ഖത്തറിനെതിരെ മേൽക്കൈ നേടി. ആദ്യ പകുതിയിൽ പത്തോളം ഷോട്ടുകളാണ് ഖത്തർ പോസ്റ്റിലേക്ക് നെതർലൻഡ്സ് പായിച്ചത്. ലോകകപ്പിലെ മൂന്നാം ഗോളാണ് ഗാക്‌പോ ഖത്തറിനെതിരെ സ്വന്തമാക്കിയത്.

26-ാം മിനിറ്റിൽ ഡേവി ക്ലാസനിൽനിന്നു പന്തു ലഭിച്ച ഗാക്പോ ഖത്തർ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പന്തെത്തിക്കുകയായിരുന്നു. 49-ാം മിനിറ്റിൽ റീബൗണ്ടായി ലഭിച്ച പന്തിൽ ലക്ഷ്യം കണ്ട് ഫ്രാങ്കി ഡിയോങ് നെതർലൻഡ്സ് ഗോള്‍ നേട്ടം രണ്ടാക്കി. ഈ ഗോളിനും വഴിയൊരുങ്ങിയത് ഡേവി ക്ലാസനായിരുന്നു. ഡിപേയെ ലക്ഷ്യമിട്ട് ക്ലാസൻ ക്രോസ് നല്‍കി. പിഴവുകളില്ലാതെ ഡിപേ ഷോട്ടെടുത്തെങ്കിലും ഖത്തർ ഗോൾ കീപ്പർ മെഷാൽ ബർഷാം തട്ടിയകറ്റി. എന്നാൽ റീബൗണ്ട് ലഭിച്ച ഡിയോങ് തുറന്ന പോസ്റ്റിലേക്ക് അനായാസം ഉന്നമിടുകയായിരുന്നു.


ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഖത്തർ ഏതാനും കൗണ്ടറുകൾക്കു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഫൈനൽ തേർഡിൽ നെതർലൻഡ്സിനോടു മുട്ടി നിൽക്കാൻ അവർക്കായില്ല. ആദ്യ മത്സരത്തിൽ കരുത്തരായ സെനഗലിനെ രണ്ടു ഗോളുകൾക്കു തോൽപിച്ചാണ് ഓറഞ്ചു പട ലോകകപ്പിലെ തേരോട്ടം തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഇക്വഡോറിനോടു 1–1ന്റെ സമനില വഴങ്ങി.

അതേസമയം ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഖത്തർ തോറ്റത്. രണ്ടാം മത്സരത്തിൽ സെനഗലിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും തോറ്റു. എ ഗ്രൂപ്പിൽനിന്ന് ആറു പോയിന്റുള്ള സെനഗലും രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി.