25 April 2024 Thursday

ഭിന്നശേഷിക്കാരിക്കുനേരെ ലൈംഗികാതിക്രമം; കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ckmnews

കുന്നംകുളം:  ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവ് പിടിയിൽ. കുന്നംകുളം മുൻനഗരസഭാംഗം കൂടിയായ കുന്നംകുളം ആർത്താറ്റ് പുള്ളിക്കപ്പറമ്പിൽ സുരേഷാണ് അറസ്റ്റിലായത്. യുവതിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതിന് പിന്നാലെ സഹോദരന്റെ ഭാര്യ വിവരങ്ങൾ ചോദിച്ചപ്പോണാണ് പീഡനവിവരം പുറത്തറിഞ്ഞത്.



കുറച്ചുനാൾ മുൻപാണ് യുവതിക്കുനേരെ ലൈംഗികാതിക്രമം നടന്നത്. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് സഹോദരന്റെ സംരക്ഷണയിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിൽക്കയറി സുരേഷ് യുവതിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് യുവതി ഇക്കാര്യം ആരോടും പറഞ്ഞില്ല.


എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതോടെ വീട്ടുകാർ വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. കുന്നംകുളം മജിസ്ട്രേറ്റ് മുൻപാകെ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്തതോടെ സുരേഷ് ഒളിവിൽ പോയിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ ഉൾപ്പെടെ നിയോഗിച്ചതിന് പിന്നാലെയാണ് സുരേഷിനെ പിടികൂടാനായത്.