28 March 2024 Thursday

കശ്മീര്‍ ഫയല്‍സിനെതിരായ പരാമർശം; ജൂറി ചെയർമാനെ തള്ളി ഇസ്രയേല്‍ സ്ഥാനപതി

ckmnews

53മത് രാജ്യാന്തരചലച്ചിത്ര മേളയില്‍ ദ് കശ്മീര്‍ ഫയല്‍സ് സിനിമ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി അധ്യക്ഷനും ഇസ്രയേലി സംവിധായകനുമായ നദവ് ലാപിഡ് നടത്തിയ രൂക്ഷവിമര്‍ശനം വിവാദത്തില്‍. ലാപിഡിനെ തള്ളി ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിയും ജൂറി അംഗവും രംഗത്തുവന്നു. ബിജെപി എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് അനുകൂലിച്ചു. ലാപിഡിനെതിരെ ഗോവയില്‍ അഭിഭാഷകന്‍ പരാതി നല്‍കി.


പ്രത്യേക ഉദ്ദേശത്തോടെ നിര്‍മിച്ച സംസ്ക്കാരശൂന്യ സിനിമയായ ദ് കശ്മീര്‍ ഫയല്‍സ് കണ്ട് ഞെട്ടിയെന്നാണ് ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്‍റെ മല്‍സരവിഭാഗം ജൂറി അധ്യക്ഷനും ഇസ്രയേലി സംവിധായകനുമായ നദവ് ലാപിഡ് അഭിപ്രായപ്പെട്ടത്. ലാപ്പിഡ് വസ്തുകള്‍ ആഴത്തില്‍ മനസിലാക്കണമെന്നും പരാമര്‍ശം ലജ്ജാകരവും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും മാപ്പുപറയണമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി നവോര്‍ ഗിലോണ്‍ പ്രതികരിച്ചു. ജൂറി അധ്യക്ഷന്‍റേത് വ്യക്തിപരമായ പരാമര്‍ശമാണെന്ന് ജൂറി അംഗം സുദീപ്തോ സെന്‍ പറഞ്ഞു.


സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന അപകീര്‍ത്തികരമായ പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാപ്പിഡിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. വിവാദം ആസൂത്രിതമാണെന്നും ജൂതവംശജനായ ലാപിഡിന് കശ്മീരി പണ്ഡിറ്റുകളുടെ യാതന മനസിലാകേണ്ടതാണെന്ന് ചിത്രത്തില്‍ പ്രധാനവേഷം ചെയ്ത അനുപം ഖേര്‍ പറഞ്ഞു. സത്യം അപകടകരമായ വസ്തുതയാണെന്ന് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി പ്രതികരിച്ചു. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പാലയനവും ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തെ പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രകീര്‍ത്തിച്ചിരുന്നു. ‌‌