ഘാന ഗംഭീരം; പൊരുതി വീണ് കൊറിയ

ദോഹ ∙ കഴിഞ്ഞ ദിവസം സ്റ്റേഡിയം 974ൽ പൊരുതിക്കളിച്ചിട്ടും ശക്തരായ പോർച്ചുഗലിനോട് 3–2ന് തോറ്റ ഘാന, ദിവസങ്ങൾക്കിപ്പുറം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ അതേ സ്കോറിന് തോൽപ്പിച്ചു! പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പെടെ ബഹുദൂരം മുന്നിലായിരുന്ന ദക്ഷിണ കൊറിയയോടെ, അവസരങ്ങൾ മുതലെടുക്കുന്നതിൽ പ്രകടമാക്കിയ മികവിലാണ് ഘാന വീഴ്ത്തിയത്. ഘാനയ്ക്കായി മുഹമ്മദ് കുഡൂസ് ഇരട്ടഗോൾ നേടി. 34, 68 മിനിറ്റുകളിലായിരുന്നു കുഡൂസിന്റെ ഗോളുകൾ. അവരുടെ ആദ്യ ഗോൾ മുഹമ്മദ് സാലിസു (24) നേടി. ദക്ഷിണ കൊറിയയ്ക്കായി സുങ് ചോ ഗുവെയും (58, 61) ഇരട്ടഗോൾ നേടി.
ദക്ഷിണ കൊറിയ ആധിപത്യം പുലർത്തിയ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഘാന എതിരില്ലാത്ത രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു. അതേസമയം, മത്സരത്തിന്റെ ഇൻജറി ടൈമിന്റെ അവസാന നിമിഷം ദക്ഷിണ കൊറിയയ്ക്കു ലഭിച്ച കോർണർ കിക്ക് എടുക്കും മുൻപേ റഫറി ഫൈനൽ വിസിൽ മുഴക്കിയത് വിവാദമായി. ഇതിനെതിരെ പ്രതികരിച്ച ദക്ഷിണ കൊറിയൻ പരിശീലകന് റഫറി ചുവപ്പുകാർഡ് നൽകി.
ആദ്യ മത്സരത്തിൽ പോർച്ചുഗലിനോടു തോറ്റ ഘാനയ്ക്ക് ഈ വിജയത്തോടെ മൂന്നു പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തിൽ യുറഗ്വായെ സമനിലയിൽ തളച്ചതിനു ലഭിച്ച ഒരു പോയിന്റാണ് ദക്ഷിണ കൊറിയയുടെ ഏക സമ്പാദ്യം. ഇനി ഡിസംബർ രണ്ടിന് നടക്കുന്ന മത്സരത്തിൽ ഘാന യുറഗ്വായേയും ദക്ഷിണ കൊറിയ പോർച്ചുഗലിനെയും നേരിടും.