20 April 2024 Saturday

‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ

ckmnews

ദോഹ∙ സഞ്ജു സാംസണിന്റെ ആരാധകർ ലോകത്തെവിടെയൊക്കെ ഉണ്ട്? ഇന്ത്യയിൽ സഞ്ജുവിനെ കളിപ്പിക്കാത്തതിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും സമൂഹമാധ്യമങ്ങളിലും ദിവസേന സിലക്ടർമാർക്കും ബിസിസിക്കുമെതിരെ മുറവിളി ഉയരുന്നുണ്ട്. അയർലൻഡ് , വെസ്റ്റിൻഡീസ്, സിംബാബ്‌വെ എന്നിങ്ങനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മത്സരത്തിനായി പോയ വിവിധ രാജ്യങ്ങളിലും സഞ്ജുവിനായി ആരാധകവൃന്ദം ആർപ്പുവിളിച്ചിരുന്നു. ഇപ്പോഴിതാ ഫിഫ ഫുട്ബോൾ ലോകകപ്പ് നടക്കുന്ന ഖത്തറിൽ വിവിധ മത്സരങ്ങൾ നടക്കുന്ന വേദികളിലും തരംഗമായിരിക്കുകയാണ് സഞ്ജു. 

സഞ്ജുവിന്റെ പോസ്റ്ററുമായാണ് ആരാധകർ ഫിഫ ലോകകപ്പ് വേദികളിലെത്തിയത്. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഖത്തറിൽനിന്ന് ഒരായിരം സ്നേഹത്തോടെ...’ എന്നാണ് രാജസ്ഥാൻ റോയൽസിന്റെയും ഇന്ത്യൻ ടീമിന്റെയും ജേഴ്സിയിലുള്ള സഞ്ജുവിന്റെ ചിത്രങ്ങളുള്ള ബാനറുകളിൽ ഇവർ കുറിച്ചത്. സഞ്ജുവിന് പിന്തുണയുമായി ആരാധകർ ലോകകപ്പ് വേദിയിലെത്തിയതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ നിരവധി പേരാണ് പങ്കുവച്ചത്. സമാഹമാധ്യമങ്ങളിലെല്ലാം ഇതിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്.‘ഫിഫ ലോകകപ്പിൽ നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നത്?’ എന്ന അടിക്കുറിപ്പോടെ രാജസ്ഥാൻ റോയൽസിന്റെ ഫെയ്സ്ബുക് പേജിലും ചിത്രം പങ്കുവച്ചിട്ടുണ്ട്.

മികച്ച ഫോമിൽ തുടരുന്ന സഞ്ജുവിനെ ന്യൂസീലൻഡ‍ിനെതിരായ രണ്ടാം ഏകദിനത്തിൽ തഴഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം രൂക്ഷമായിരുന്നു. സഞ്ജുവിനെ കളിപ്പിക്കാത്തതിൽ മുൻ ഇന്ത്യൻ താരങ്ങളായ മുരളി കാർത്തിക്, ആശിഷ് നെഹ്റ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നിയപ്പോൾ ദീപക് ഹൂഡയ്ക്ക് അവസരം നൽകിയെന്നായിരുന്നു പതിവുപോലെ ടീം മാനേജ്മെന്റിന്റെ വിശദീകരണം.