23 April 2024 Tuesday

വനം വകുപ്പ് ഓഫിസ് കെട്ടിടങ്ങൾ നിർമ്മിക്കാൻ മുറിക്കുന്നത് 25 മരങ്ങൾ; നിലമ്പൂരിൽ വനം വകുപ്പിനെതിരെ പ്രതിഷേധം

ckmnews

നിലമ്പൂർ കനോലി പ്ലോട്ടിൽ മരം മുറിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ യുവജന സംഘടനകൾ. മരം മുറിച്ച് നീക്കുന്നത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. പുതിയ കെട്ടിടം നിർമിക്കാനാണ് മരം മുറിയെന്നാണ് വനംവകുപ്പിന്റെ വാദം.

വനം വകുപ്പിന് ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കാനാണ് കനോലി പ്ലോട്ടിലെ മരം മുറിച്ച് നീക്കുന്നത്. 25 മരങ്ങൾ മുറിക്കാനാണ് വനം വകുപ്പ് അനുമതി നൽകിയത്. മരം മുറിച്ച് തുടങ്ങിയതോടെ പ്രതിഷേധവും ഉയർന്നു. 5 മരങ്ങൾ മുറിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ യുവജന സംഘടനകളും , പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധം ഉയർത്തിയത്.

തുടർന്ന് നിർത്തിവെച്ച മരം മുറി ഇന്ന് പുലർച്ചെ വീണ്ടും ആരംഭിച്ചതോടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. മരം മുറിക്കുന്നതോടെ പാരിസ്ഥിതിക പ്രത്യാഘതങ്ങൾക്കൊപ്പം, കനോലിയുടെ വിനോദ സഞ്ചാര സാധ്യതകളും ഇല്ലാതാക്കുമെന്നുമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. കനോലിയുടെ സൗന്ദര്യം കൂടി ഇല്ലാതാക്കുന്ന വനം വകുപ്പ് നടപടി അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ കെട്ടിടം നിർമാണവുമായി മുന്നോട്ട് പോകാനാണ് വനം വകുപ്പ് തീരുമാനം.