28 March 2024 Thursday

ക്രൊയേഷ്യൻ പ്രതികാരത്തിൽ‌ മുങ്ങി കാനഡ; ലോകകപ്പിൽനിന്ന് പുറത്ത്

ckmnews

ദോഹ∙ ഫിഫ ലോകകപ്പിൽ കാന‍ഡയെ ഒന്നിനെതിരെ നാലു ഗോളുകൾക്കു കീഴടക്കി ക്രൊയേഷ്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ അൽഫോൻസോ ഡേവിസിലൂടെ കാനഡ മുന്നിലെത്തിയപ്പോൾ നാലു ഗോളുകൾ തിരിച്ചടിച്ചാണ് ക്രൊയേഷ്യ മറുപടി നൽ‌കിയത്. ആന്ദ്രേജ് ക്രമാരിച് (36, 70), മാര്‍കോ ലിവാജ (44), ലവ്‍റോ മാജർ (94) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോളുകൾ നേടിയത്.


ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് ഗോൾ രഹിത സമനില പാലിച്ച ക്രൊയേഷ്യയ്ക്ക് ജയത്തോടെ നാലു പോയിന്റായി. എഫ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ക്രൊയേഷ്യ. ഡിസംബർ ഒന്നിനു ബൽജിയത്തെ തോൽപിച്ചാൽ ക്രൊയേഷ്യയ്ക്ക് അനായാസം അടുത്ത റൗണ്ടിലെത്താം. രണ്ടാം കളിയും തോറ്റ കാന‍ഡ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്. വിജയ പ്രതീക്ഷയുമായി ഇറങ്ങിയ കാന‍ഡ, ക്രൊയേഷ്യയെ ഞെട്ടിച്ചാണു കളി തുടങ്ങിയത്

തേജോൺ ബുചാനൻ പെനൽറ്റി ഏരിയയിലേക്ക് ക്രൊയേഷ്യ താരങ്ങളായ ലോവ്റൻ, ജുറാനോവിച്ച് എന്നിവർക്കിടയിലൂടെ നൽകിയ ക്രോസിലായിരുന്നു കാനഡയുടെ ലോകകപ്പിലെ ആദ്യ ഗോൾ പിറന്നത്. അൽഫോൻസോ ഡേവിസിന്റെ ഹെഡർ ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച്ചിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. ലോകകപ്പിൽ കാന‍ഡയുടെ ആദ്യ ഗോളാണിത്. ഗോൾ വീണതോടെ റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ഒന്നു വിറച്ചെങ്കിലും വൈകാതെ ആക്രമണങ്ങളുമായി മുന്നേറി. അതിനുള്ള ഫലം ലഭിച്ചത് 36–ാം മിനിറ്റിൽ. കാനഡ പെനൽറ്റി ഏരിയയുടെ ഇടതു മൂലയിലൂടെ ഇവാൻ പെരിസിച്ചിന്റെ മുന്നേറ്റത്തിൽ ആന്ദ്രേജ് ക്രമാരിചിന് പാസ് നൽകി. ആത്മവിശ്വാസത്തോടെ ക്രമാരിച് പന്ത് വലയിലെത്തിച്ചു.

സമനില ഗോൾ നേടി എട്ടു മിനിറ്റുകൾക്കപ്പുറമാണ് ക്രൊയേഷ്യ മത്സരത്തിൽ ആദ്യമായി ലീഡെടുത്തത്. കാന‍‍ഡയുടെ പെനൽറ്റി ഏരിയയിൽ പന്തു ലഭിച്ച ജുറാനോവിചിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു കാനഡയുടെ കമാൽ മില്ലർ. പന്ത് ഒരിക്കൽ കൂടി കിട്ടിയതോടെ ജുറാനോവിച് പ്രതിരോധ താരങ്ങളെ കടന്ന് ലിവാജയ്ക്കു പാസ് നൽകി. ലിവാജയിലൂടെ ക്രൊയേഷ്യ മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ടു മാറ്റങ്ങൾ കാന‍ഡ ടീമിൽ കൊണ്ടുവന്നു. കൈൽ ലാറിൻ, സ്റ്റീഫൻ യുസ്റ്റാക്യോ എന്നിവർക്കു പകരം 20 വയസ്സുകാരൻ ഇസ്മായിൽ കോനെയും ജൊനാഥൻ ഒസോരിയോയും എത്തി. 48–ാം മിനിറ്റിൽ ഒസോരിയോയുടെ മികച്ചൊരു ഗോള്‍ ശ്രമം ലക്ഷ്യത്തിലെത്താതെ പോയി. രണ്ടാം പകുതിയിൽ 70–ാം മിനിറ്റിൽ ക്രമാരിച്ച് ക്രൊയേഷ്യയ്ക്കു വേണ്ടി താരത്തിന്റെ രണ്ടാം ഗോളും കണ്ടെത്തി. പെനൽറ്റി ഏരിയയിൽനിന്ന് ഇവാൻ പെരിസിച്ചിന്റെ പാസിൽ ക്രമാരിച്ചിന്റെ ഗോളെത്തി. പോസ്റ്റിലേക്ക് ലോ ഷോട്ട് പായിച്ചാണ് ക്രമാരിച്ച് ലക്ഷ്യം കണ്ടത്. പെരിസിച്ചിന് മത്സരത്തിലെ രണ്ടാം അസിസ്റ്റ്.

മൂന്നാം ഗോളും നേടിയതോടെ കളി പൂർണമായും ക്രൊയേഷ്യയുടെ നിയന്ത്രണത്തിലായി. കാനഡ പ്രതിരോധ താരം കമാൽ മില്ലറുടെ പിഴവു മുതലെടുത്താണ് ക്രൊയേഷ്യ നാലാം ഗോൾ ഉറപ്പിച്ചത്. പന്തുമായി കാനഡ ഗോൾ മുഖത്തേക്കു കുതിച്ച ഒർസിച് പെനൽറ്റി ഏരിയയില്‍വച്ച് മാജെറിനു പാസ് നൽകി. അനായാസമായി മാജെർ സ്കോർ ചെയ്തതോടെ ക്രൊയേഷ്യയ്ക്കു നാലാം ഗോൾ. രണ്ടാം തോല്‍വി വഴങ്ങിയ കാനഡയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ ഇതോടെ അവസാനിച്ചു. ഡിസംബർ ഒന്നിന് മൊറോക്കോയ്ക്കെതിരെ വിജയത്തോടെ നാട്ടിലേക്കു മടങ്ങാനായിരിക്കും ഇനി അവരുടെ ശ്രമം.